സംസ്ഥാനത്ത് വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുടെ ആദ്യ കേന്ദ്രം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 23 ന് രാവിലെ 10:30 ന് കൊട്ടാരക്കരയില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വ്വഹിക്കും.ഇരുന്നൂറിലധികം പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്ന കേന്ദ്രത്തിന്റെ നിര്‍മ്മാണം അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ഐ ടി/ഐ ടി അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായാണ് സര്‍ക്കാര്‍ ''വര്‍ക്ക് നിയര്‍ ഹോം'' പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ 10 വര്‍ക്ക് നിയര്‍ ഹോം സെന്ററുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്.മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് വീടിനടുത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള സൗകര്യമാണ് വിഭാവനം ചെയ്യുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സ് തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, ജീവനക്കാര്‍ക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നല്‍കാന്‍ താല്പര്യമുള്ള സ്ഥാപനങ്ങള്‍ തുടങ്ങിവയ്ക്ക് പദ്ധതി പ്രയോജനപ്പെടും. നൈപുണ്യ പരിശീലനത്തിനുള്ള സൗകര്യവുമുണ്ട്.
ടെക്കികള്‍ക്ക് ദൂരെയുള്ള നഗരങ്ങളില്‍ പോയി ജോലി ചെയ്യാതെ സ്വന്തം നാട്ടില്‍ തന്നെ ജോലി ചെയ്യാനുള്ള സൗകര്യമാണ് ഇത്തരം കേന്ദ്രങ്ങളിലുണ്ടാവുക. ആദ്യഘട്ടത്തില്‍ കൊട്ടാരക്കരയിലെ ബി.എസ്.എന്‍.എല്‍ കെട്ടിടം വാടകക്ക് എടുത്താണ് കേന്ദ്രം തുടങ്ങുക. ബജറ്റില്‍ ഇക്കൊല്ലം പദ്ധതിക്ക് 50 കോടി രൂപ അനുവദിച്ചിരുന്നു. 37.5 കോടി രൂപ ചെലവില്‍ കൊട്ടാരക്കരയിലും പെരിന്തല്‍മണ്ണയിലുമാണ് ആദ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.സ്വന്തമായി ഓഫീസ് തുറക്കാതെ കോ-വര്‍ക്കിംഗ് സ്‌പേസ് എന്ന ആശയത്തിലൂന്നി ഇവിടെ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. 1,000 ചതുരശ്രയടി സ്ഥലത്ത് 220 പേര്‍ക്ക് ജോലി ചെയ്യാനുള്ള ഇരിപ്പിടങ്ങളാണ് കൊട്ടാരക്കരയില്‍ ഒരുക്കുന്നത്. ഒരു ഇരിപ്പിടത്തിന് പ്രതിമാസം 4,000 രൂപയാണ് വാടക. ഇതിനോടകം രണ്ട് കമ്പനികള്‍ 60 സീറ്റുകള്‍ക്ക് വേണ്ടി താത്പര്യം അറിയിച്ചിട്ടുണ്ട്. കഫ്റ്റീരിയ, അതിവേഗ ഇന്റര്‍നെറ്റ് സംവിധാനവും ഇവിടെയുണ്ടാകും.