രണ്ടു വര്‍ഷത്തിനുള്ളില്‍ 10000 പുതിയ ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തി ഇതുവഴി കുറഞ്ഞത് എട്ടു ലക്ഷം യാത്രക്കാരെയെങ്കിലും അധികമായി ചേര്‍ക്കുകയാണു ലക്ഷ്യം.ഇതിനകം 585 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ ട്രെയിനുകളില്‍ ചേര്‍ത്തുകഴിഞ്ഞു. ഈ മാസത്തിനുള്ളില്‍ അറുനൂറ്റന്‍പതോളം ട്രെയിനുകളിലായി ആയിരത്തിലധികം ജനറല്‍ കോച്ചുകള്‍ കൂടി ചേര്‍ക്കും. ഇതോടെ ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ക്കു പ്രയോജനം ലഭിക്കും.
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ 583 പുതിയ ജനറല്‍ കോച്ചുകള്‍ നിര്‍മിച്ചു. ഇവ 229 ട്രെയിനുകളില്‍ ചേര്‍ത്തു. 1000 ജനറല്‍ കോച്ചുകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ 647 ട്രെയിനുകളില്‍ ഇവ കൂട്ടിച്ചേര്‍ക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ പതിനായിരത്തിലധികം എസിയല്ലാത്ത ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തും. ഇതില്‍ ആറായിരത്തോളം ജനറലും ബാക്കി സ്ലീപ്പറുമാണ്. ഇതോടെ ജനറല്‍ ക്ലാസിലെ എട്ടു ലക്ഷം പേര്‍ക്ക് അധികമായി ട്രെയിന്‍ യാത്ര സാധ്യമാകും.സാധാരണക്കാര്‍ക്കു പ്രാധാന്യം നല്കിയാണ് ഈ തീരുമാനമെന്നും റെയില്‍വെ ബോര്‍ഡ് എക്‌സി. ഡയറക്ടര്‍ (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി) ദിലീപ് കുമാര്‍ പറഞ്ഞു.
പുതുതായി നിര്‍മിക്കുന്ന ഈ കോച്ചുകളെല്ലാം എല്‍എച്ച്ബിയുടേതാണ്.യാത്ര സുഖകരവും സൗകര്യപ്രദവും സുരക്ഷിതവും വേഗവുമുള്ളതുമാക്കാനാണിത്. ഈ പുതിയ എല്‍എച്ച്ബി കോച്ചുകള്‍ പരമ്പരാഗത ഐസിഎഫ് റെയില്‍ കോച്ചുകളെക്കാള്‍ ഭാരം കുറഞ്ഞതും ശക്തവുമാണ്. അപകടമുണ്ടായാല്‍ ഈ കോച്ചുകള്‍ക്കുള്ള നാശനഷ്ടവും കുറവായിരിക്കും.