Drisya TV | Malayalam News

ഓൺലൈൻ തിരച്ചിലിൽ നിയമവിരുദ്ധമായ കുത്തക നിലനിർത്താൻ ശ്രമിച്ചെന്നാരോപിച്ച് ഗൂഗിളിനുമേൽ യു.എസ്. സർക്കാർ പിടിമുറുക്കുന്നു

 Web Desk    20 Nov 2024

ആഗോളബ്രൗസർ വിപണിയുടെ മൂന്നിൽ രണ്ടുഭാഗവും ഗൂഗിൾ ക്രോമാണ് കൈയടക്കിവെച്ചിരിക്കുന്നത്. യു.എസിലെ തിരച്ചിൽ വിപണിയിലും 61 ശതമാനം ആധിപത്യംപുലർത്തുന്നു. ഗൂഗിളിന്റെ പരസ്യവരുമാനത്തിൽ ക്രോമിന്റെ സ്വാധീനം നിർണായകമാണ്. ബ്രൗസറിലൂടെ ആളുകൾ തിരച്ചിൽ നടത്തുന്നതും പരസ്യങ്ങൾ കാണുന്നത് നിയന്ത്രിക്കുന്നതും ക്രോമാണ്.ഓൺലൈൻ തിരച്ചിലിൽ നിയമവിരുദ്ധമായ കുത്തക നിലനിർത്താൻ ശ്രമിച്ചെന്നാരോപിച്ച് വെബ് ബ്രൗസറായ ക്രോം വിൽക്കണമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിനെ യു.എസ്. നീതിന്യായവകുപ്പ് നിർബന്ധിക്കുകയാണ്.ഗൂഗിൾ വികസിപ്പിച്ച ഓപ്പൺ സോഴ്സ് വെബ് ബ്രൗസറായ ക്രോമും ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവുമുൾപ്പെടെയുള്ള സങ്കേതങ്ങൾ വിൽക്കുന്ന കാര്യം ആൽഫബെറ്റിനോടാവശ്യപ്പെടാൻ ജഡ്ജി അമിത് മേത്തയ്ക്ക് നീതിന്യായവകുപ്പ് നിർദേശം നൽകിയേക്കും. 

ഗൂഗിളിന്റെ നിർമിതബുദ്ധിസങ്കേതങ്ങളുമായും ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായും ബന്ധപ്പെട്ട് നടപടികളെടുക്കണമെന്നാണ് ബുധനാഴ്ച വകുപ്പ് ജഡ്ജിയോടാവശ്യപ്പെടുക. ഗൂഗിളിന് ഡേറ്റാ ലൈസൻസിങ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടേക്കും. ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്താണ് ഗൂഗിളിന്റെ പേരിൽ കേസ് രജിസ്റ്റർചെയ്തത്. അതേസമയം, കൂടുതൽ മത്സരാധിഷ്ഠിത വിപണി ഒരുക്കാനായാൽ പിന്നീട് വിൽപ്പന ആവശ്യമാണോ എന്നകാര്യം സർക്കാർ തീരുമാനിച്ചേക്കും. തിരഞ്ഞെടുപ്പിന്റെ രണ്ടുമാസംമുൻപ് ഗൂഗിളിനെ വിചാരണചെയ്യുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ നേരത്തേ അവകാശപ്പെട്ടിരുന്നു.

  • Share This Article
Drisya TV | Malayalam News