ചെന്നൈ മെട്രോ റെയിൽവേയ്ക്കായി 70 ഡ്രൈവറില്ലാ തീവണ്ടികൂടി നിർമിക്കാനുള്ള കരാർ മെട്രോ റെയിൽവേ അധികൃതർ ഭാരത് എർത്ത് മൂവേഴ്സ്‌സ് ലിമിറ്റഡിന് (ബെമൽ) നൽകി.മൂന്നു കോച്ചുകൾ വീതമുള്ള തീവണ്ടികളാണ് നിർമിക്കുക. ബെമലിന്റെ ബെംഗളൂരുവിലുള്ള വർക്ക് ഷോപ്പിലാണ് നിർമിക്കുക. 3,600 കോടി രൂപയ്ക്കാണ് ടെൻഡർ നൽകിയിരിക്കുന്നത്.ഡ്രൈവറില്ലെങ്കിലും തീവണ്ടിയിൽ യാത്രക്കാരുടെ പരാതികൾ പരിഹരിക്കാൻ ജീവനക്കാരെ നിയമിക്കും. തീവണ്ടിയിൽ ഒരു ട്രിപ്പിൽ 1000 പേരെ ഉൾക്കൊള്ളാം.
മൂന്ന് കോച്ചുകൾ വീതമുള്ള 36 തീവണ്ടികൾ നിർമിക്കാനുള്ള ആദ്യകരാർ ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിലെ അൽസ്റ്റോം കമ്പനിയ്ക്ക് നൽകിയിരുന്നു. അൽസ്റ്റോം നിർമിച്ച ആദ്യ ഡ്രൈവറില്ലാ തീവണ്ടി കഴിഞ്ഞമാസം ചെന്നൈ മെട്രോ റെയിൽവേയ്ക്ക് കൈമാറി. വണ്ടി പൂനമല്ലിയിലെ മെട്രോ റെയിൽവേയുടെ യാർഡിൽ പരീക്ഷണഓട്ടം നടത്തുന്നുണ്ട്.മെട്രോ റെയിൽവേയുടെ രണ്ടാംഘട്ട പദ്ധതിയിൽ മൂന്നു പാതകളുടെ നിർമാണം നടന്നുവരികയാണ്. ലൈറ്റ് ഹൗസിൽനിന്ന് പൂനമല്ലി ബൈപ്പാസ് വരെയും (26.1 കിലോമീറ്റർ) മാധാവരം മിൽക്ക് കോളനിയിൽനിന്ന് സെറുശ്ശേരി സിപ്പ്കോട്ട് (45.8 കിലോമീറ്റർ) വരെയും മാധാവരം മുതൽ ഷോളിങ്കനല്ലൂർ വരേയും (47 കിലോമീറ്റർ) ആണ് നിർമാണം.