ട്രെയിനുകൾ വൈകിയോടുന്നത് രാജ്യത്ത് പുതിയ കാര്യമല്ല.എന്നാൽ ട്രെയിൻ വൈകിയത് കാരണം കൃത്യസമയത്ത് വിവാഹത്തിനെത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയ വരന്റെ ബുദ്ധിപൂർവമുള്ള പ്രവൃത്തിയും റെയിൽവേ മന്ത്രിയുടെ സമയോചിതമായ ഇടപെടലുമാണ് ഇപ്പോൾ വാർത്താപ്രാധാന്യം നേടിയിരിക്കുന്നത്.
മുംബൈയിൽനിന്നും ഗുവാഹാട്ടിയിലേക്ക് പോയ ഗീതാഞ്ജലി എക്സ്പ്രസിലാണ് സംഭവം നടന്നത്. വരനായ ചന്ദ്രശേഖർ വാഗും 34 ബന്ധുക്കളുമടങ്ങിയ സംഘം ട്രെയിനിലുണ്ടായിരുന്നു. ട്രെയിൻ നാല് മണിക്കൂർ വൈകിയാണ് ഓടിയിരുന്നത്.ഇതോടെ ആശങ്കയായി. ട്രെയിൻവൈകുന്നത് തങ്ങൾക്ക് പോകേണ്ട കണക്റ്റിങ് ട്രെയിനായ സറായിഘാട്ട് എക്സ്പ്രസ് കിട്ടാതിരിക്കാൻ കാരണമാകുമെന്ന് വാഗും സംഘവും മനസ്സിലാക്കി. കൊൽക്കത്തയിലെ ഹൗറാ സ്റ്റേഷനിൽനിന്നായിരുന്നു അവർക്ക് കണക്റ്റിങ് ട്രെയിൻ കയറേണ്ടിയിരുന്നത്.വൈകിയോടുന്ന ട്രെയിനിൽ യാത്രതുടർന്നാൽ വിവാഹത്തിന് സമയത്തെത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ചന്ദ്രശേഖർ വാഗിന് പെട്ടെന്നൊരു ബുദ്ധിയുദിച്ചു. സമയമൊട്ടും പാഴാക്കാതെ തന്റെ പ്രതിസന്ധിയെ കുറിച്ച് അദ്ദേഹം എക്സിൽ കുറിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മുന്നറിയിപ്പും നൽകി. 34 പേരടങ്ങിയ തന്റെ സംഘത്തിൽ പ്രായമായവരുമുണ്ടെന്ന് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു കുറിപ്പ്.ചന്ദ്രശേഖർ വാഗിന്റെ ആ ശ്രമം ഫലംകണ്ടു. വളരെ പെട്ടെന്നു തന്നെ ഈസ്റ്റേൺ റെയിൽവേയുടെ ജനറൽ മാനേജർക്ക് മന്ത്രിയുടെ അറിയിപ്പെത്തി. ഹൗറ സ്റ്റേഷനിലെ ഡിവിഷണൽ റെയിൽവേ മാനേജരുടേയും സീനിയർ ഡിവിഷണൽ കൊമേഷ്യൽ മാനേജരുടേയുമെല്ലാം സംയുക്തമായ ഇടപെടലോടെ വാഗയുടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി. വൈകിയോടിയ ഗിതാഞ്ജലി എക്സ്പ്രസ് സമയത്തുതന്നെ ഹൗറ സ്റ്റേഷനിലെത്തിച്ചു.
സ്റ്റേഷനിൽനിന്ന് പുറപ്പെടാനായി ഒൻപതാം പ്ലാറ്റ്ഫോമിൽ ഒരുങ്ങിനിന്ന സറായിഘാട്ട് എക്സ്പ്രസിലേക്ക് 21-ാം പ്ലാറ്റ്ഫോമിലെ ഗിതാഞ്ജലി എക്സ്പ്രസിൽനിന്നും വിവാഹസംഘത്തിന്റെ ലഗേജ് എടുത്തുകൊണ്ടെത്തിച്ച് സഹായിക്കാൻ സ്റ്റാഫുകളും സജ്ജരായിരുന്നു.സ്റ്റേഷനിൽ കൃത്യസമയത്തെത്തിയ ചന്ദ്രശേഖർ വാഗും ബന്ധുക്കളും ഇന്ത്യൻ റെയിൽവേയ്ക്ക് നന്ദി പറഞ്ഞു. 'ഇത് വെറുമൊരു സേവനം മാത്രമായിരുന്നില്ല. അത്യധികം കരുണനിറഞ്ഞ ഒരു പ്രവൃത്തിയായിരുന്നു. ഈ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ എനിക്കും എന്റെ കുടുംബത്തിനും ജീവിതത്തിൽ പകരംവെയ്ക്കാനില്ലാത്ത ഒരു നിമിഷം നഷ്ടമാകുമായിരുന്നു. ഇന്ത്യൻ റെയിൽവേയോട് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്' വാഗ് പറഞ്ഞു.
യാത്രക്കാർക്ക് സേവനം നൽകാൻ തങ്ങൾ എപ്പോഴും സജ്ജരാണെന്നും ഈ പ്രവൃത്തി യാത്രക്കാർക്കായി എന്തും ചെയ്യാനുള്ള ഇന്ത്യൻ റെയിൽവേയുടെ പ്രതിബന്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നുമാണ് ഈസ്റ്റേൺ റെയിൽവേയുടെ ചീഫ് പബ്ലിക്ക് റിലേഷൻസ് ഓഫീസറായ കൗശിക് മിത്ര സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.