ഇംഗ്ലണ്ടിന്റെ അതിർത്തി പ്രദേശമായ നോർത്തംബർലാൻഡിലാണ് സംഭവം. 8.5 മില്യൺ യൂറോ വിലയുള്ളതും 30 എംഎം പീരങ്കിയും ഹെൽഫയർ മിസൈലുകളുമുള്ള സായുധ ഹെലികോപ്റ്ററിലായിരുന്നു സംഭവം. പതിവ് അറ്റകുറ്റപ്പണികൾക്ക് ശേഷം പരീക്ഷണ പറക്കലിന് പോയ ഹെലികോപ്റ്ററാണ് ആകാശത്ത് ആടിയുലഞ്ഞത്. ഹെലികോപ്റ്ററിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ പോലും ക്രൂ അംഗങ്ങൾ കേട്ടു. അസാധാരണ സംഭവത്തിന് കാരണമായത് എന്താണെന്ന് പരിശോധിക്കാൻ തീരുമാനിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രണ്ട് സൈനികരെ അർദ്ധനഗ്നരായി ഹെലികോപ്റ്ററിൻ്റെ പിൻ കോക്പിറ്റിൽ മദ്യപിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയത്. രണ്ട് സൈനികരോടും ഹെലികോപ്റ്ററിൽ നിന്ന് പുറത്തിറങ്ങി വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടതായി മിലിട്ടറി ഏവിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ടിലുണ്ട്. പിടികൂടിയ ഹെലികോപ്റ്റർ ആർമി എയർ കോർപ്സിൻ്റെ 653 സ്ക്വാഡ്രണിൻ്റേതാണെങ്കിലും ഇതിലുണ്ടായിരുന്ന സൈനികർ മറ്റൊരു സൈനിക വിഭാഗത്തിൻ്റെ ഭാഗമായിരുന്നു. അവരുടെ മാതൃ യൂണിറ്റും 653 സ്ക്വാഡ്രണിൻ്റെ ചെയിൻ ഓഫ് കമാൻഡും സ്ഥലത്ത് എത്തുന്നതുവരെ അവരെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് മിലിട്ടറി ഏവിയേഷൻ അതോറിറ്റി റിപ്പോർട്ടിൽ പറയുന്നു. സംഭവം നടന്നത് 2016-ൽ നോർത്തംബർലാൻഡിലെ ഒട്ടർബേണിലാണ്. എന്നാൽ, ചില സാങ്കേതിക തകരാറുകൾ കാരണം ഈ വിവരം അടുത്തിടെ പരസ്യമാകുകയായിരുന്നു.