Drisya TV | Malayalam News

44 സെക്കന്‍ഡിനുള്ളില്‍ 12 റോക്കറ്റുകൾ തൊടുത്തുവിടാവുന്ന അത്യാധുനിക പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ പരീക്ഷണം വിജകരം 

 Web Desk    17 Nov 2024

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അത്യാധുനിക പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ ഡിആര്‍ഡിഒ വിജയകരമായി പൂര്‍ത്തിയാക്കി.വിവിധ ഫീല്‍ഡ് ഫയറിങ് റേഞ്ചുകളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷണം നടത്തിയത്. രണ്ട് ഇന്‍-സര്‍വീസ് പിനാക ലോഞ്ചറുകളില്‍ ഓരോന്നില്‍ നിന്നും 12 റോക്കറ്റുകള്‍ പരീക്ഷിച്ചതായി ഡിആര്‍ഡിഒ പ്രസ്താവനയില്‍ പറയുന്നു. പരമശിവന്റെ വില്ലിന്റെ പേരാണ് ഈ റോക്കറ്റ് സിസ്റ്റത്തിന് നല്‍കിയിരിക്കുന്നത്. റഷ്യന്‍ ഗ്രാഡ് ബിഎം-21 റോക്കറ്റ് ലോഞ്ചറിന് പകരമായാണ് പിനാക റോക്കറ്റ് സിസ്റ്റം വിന്യസിച്ചത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തിലാണ് ഇത് ആദ്യമായി വിന്യസിക്കപ്പെട്ടത്. യുദ്ധസമയത്ത് തന്ത്രപ്രധാനമായ ഉയരങ്ങളിലുള്ള പാകിസ്ഥാന്‍ പോസിഷനുകള്‍ തകര്‍ക്കുന്നതില്‍ പിനാക സംവിധാനം നിര്‍ണായക പങ്ക് ആണ് വഹിച്ചത്.മള്‍ട്ടി-ബാരല്‍ റോക്കറ്റ് സിസ്റ്റത്തില്‍ 6 റോക്കറ്റുകള്‍ വീതമുള്ള രണ്ട് പോഡുകള്‍ ഉണ്ട്. 44 സെക്കന്‍ഡിനുള്ളില്‍ 12 റോക്കറ്റുകളും തൊടുത്തുവിടാന്‍ കഴിയുംവിധമാണ് ഇതിലെ സാങ്കേതികവിദ്യ. ലക്ഷ്യമിട്ടിരിക്കുന്ന 700 x 500 പ്രദേശം നിര്‍വീര്യമാക്കാനും ഇതിന് കഴിയും. 60 കിലോമീറ്റര്‍ ദൂരത്തുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക പിനാക Mk-II റോക്കറ്റും പരീക്ഷണത്തിന്റെ ഭാഗമായി.

പിനാക സംവിധാനത്തിന്റെ നിലവിലെ പതിപ്പ് ഒരു ഗൈഡഡ് ആണ്. ചൈനയുടെ ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് സംവിധാനങ്ങളെ പ്രതിരോധിക്കുന്നതിനായി 120 കി.മീ, 150 കി.മീ, 200 കി.മീ എന്നിവയില്‍ കൂടുതല്‍ ദൂരപരിധിയിലുള്ള ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഗൈഡഡ് പിനാക സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡിആര്‍ഡിഒ.

അമേരിക്കയുടെ ഹിമാര്‍സ് സംവിധാനത്തിന് തുല്യമായി കണക്കാക്കപ്പെടുന്ന പിനാക സംവിധാനം ഇന്ത്യയുടെ ആദ്യത്തെ പ്രധാന പ്രതിരോധ കയറ്റുമതിയില്‍ ഇടംപിടിച്ചിരിക്കുകയാണ്. സംഘര്‍ഷബാധിതമായ അര്‍മേനിയയാണ് പിനാക സംവിധാനം വാങ്ങാന്‍ ആദ്യ ഓര്‍ഡര്‍ നല്‍കിയത്. ഇപ്പോള്‍ ഫ്രാന്‍സും തങ്ങളുടെ സൈന്യത്തിന്റെ പീരങ്കി വിഭാഗത്തെ ശക്തിപ്പെടുത്താന്‍ നൂതന റോക്കറ്റ് സംവിധാനത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, അടുത്ത ആഴ്ചകളില്‍ സിസ്റ്റം പരീക്ഷിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News