ഇന്ത്യ ഫാർമേഴ്സ് ഫെയർ വരെയുള്ള കാലിച്ചന്തകളിൽ ശ്രദ്ധേയതാരമാണ് ഇപ്പോൾ ഈ പോത്ത്. വിലയും ഭാരവും കൊണ്ടു മാത്രമല്ല,ആഡംബര ജീവിതശൈലിയും ഈ പോത്തിനെ ശ്രദ്ധേയമാക്കുന്നു.അൻമോൾ എന്ന ഈ പോത്തിന് 1,500 കിലോഗ്രാം ഭാരവും 23 കോടി രൂപ വിലയുമാണ്.ആരോഗ്യവും ശക്തിയും പരിപാലിക്കാൻ ദിവസം 1,500 രൂപയാണ് അൻമോളിന് വേണ്ടി ഉടമ ഗിൽ ചെലവാക്കുന്നത്.അൻമോളിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ മെനുവിൽ ഡ്രൈ ഫ്രൂട്ട്സ്, ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. 250 ഗ്രാം ബദാം, 30 പഴം, നാലു കിലോ മാതളനാരങ്ങ, അഞ്ച് ലിറ്റർ പാൽ, 20 മുട്ട എന്നിവയാണ് അൻമോളിന്റെ ഒരു ദിവസത്തെ ഭക്ഷണം. ഇതിന് പുറമേയാണ് പിണ്ണാക്കും കാലിത്തീറ്റയും നെയ്യും സോയാബീനും ചോളവും നൽകുന്നത്.ആൽമണ്ട് ഓയിലിന്റേയും കടുകെണ്ണയുടെയും കൂട്ട് തേച്ചുപിടിപ്പിച്ച് ദിവസം രണ്ടുനേരം കുളിപ്പിക്കും. ഇത് പോത്തിന്റെ തൊലി തിളങ്ങാൻ സഹായിക്കുന്നു. അൻമോളിന്റെ ചെലവുകൾ നടത്താനായി മറ്റ് രണ്ടുപോത്തുകളെ ഗില്ലിന് വിൽക്കേണ്ടിവന്നു.ആഴ്ചയിൽ രണ്ടുതവണ അൻമോളിന്റെ ബീജം ശേഖരിക്കും.ഉന്നതഗുണനിലവാരമുള്ളതാണ് ഈ പോത്തിന്റെ ബീജം എന്നാണ് പറയപ്പെടുന്നത്. ഇതിന് ആവശ്യക്കാർ ഏറെയാണ്. ഒറ്റത്തവണ ശേഖരിക്കുന്ന ബീജംകൊണ്ട് നൂറോളം കാലികളെ ബ്രീഡ് ചെയ്യാമെന്നാണ് കണക്ക്. 250 രൂപവെച്ചാണ് ഈടാക്കുന്നത്.അങ്ങനെ അൻമോളിന്റെ ബീജത്തിൽനിന്ന് മാസം നാലുമുതൽ അഞ്ചുലക്ഷം വരെ ഗിൽ സമ്പാദിക്കുന്നുണ്ട്. ഇതിൽ ഏറെയും പോത്തിന്റെ പരിപാലനത്തിന് വേണ്ടിമാത്രം ചെലവാകും.23 കോടി വരെ വാഗ്ദാനം ചെയ്തെങ്കിലും അൻമോളിനെ വിൽക്കാൻ ഗിൽ തയ്യാറല്ല. സ്വന്തം കുടുംബാംഗത്തെ പോലെയാണ് ഗിൽ അൻമോളിനെ കാണുന്നത്.