Drisya TV | Malayalam News

പ്ലാസ്റ്റിക്ക് ഭക്ഷിക്കുന്ന പുഴുക്കളെ കണ്ടെത്തി

 Web Desk    16 Nov 2024

ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന് മനുഷ്യ നിര്‍മ്മിതിയായ പ്ലാസ്റ്റിക് മാലിന്യമാണ്.പ്ലാസ്റ്റിക് മാലിന്യത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന അന്വേഷണത്തിലാണ് ലോകമെങ്ങുമുള്ള ഒരു സംഘം ഗവേഷകര്‍.എന്നാല്‍, കാര്യക്ഷമമായ രീതിയില്‍ പ്ലാസ്റ്റിക് നിര്‍മ്മാർജ്ജനം സാധ്യമല്ലാതെ വന്നപ്പോള്‍ പ്ലാസ്റ്റിക് പുനരുപയോഗം എന്ന ആശയത്തിലാണ് ഇപ്പോള്‍ ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും മുന്‍തൂക്കം നല്‍കുന്നത്. ഇതിനിടെ, അപ്രതീക്ഷിതമായി ഒരു പുഴുവിനെ കണ്ടെത്തിയത് ഈ രംഗത്ത് വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.ആഫ്രിക്കന്‍ സ്വദേശിയെങ്കിലും ഇന്ന് ഭൂമിയിലെങ്ങും വ്യാപിച്ച് കഴിഞ്ഞ ആൽഫിറ്റോബിയസ് ജനുസ്സിൽപ്പെട്ട (Alphitobius Genus) വണ്ടുകളുടെ ലാർവകൾക്ക് പ്ലാസ്റ്റിക് തരംതിരിക്കാനും കഴിക്കാനും ദഹിപ്പിക്കാനും കഴിയുമെന്ന് കെനിയയിലെ ഗവേഷകർ കണ്ടെത്തി.പുതിയ കണ്ടെത്തല്‍ ആഫ്രിക്കയിലെ പ്ലാസ്റ്റിക് മലിനീകരണത്തെ നേരിടാൻ ഉപയോഗപ്രദമാകുമെന്നാണ് കണക്ക് കൂട്ടൽ.ആദ്യമായാണ് ആഫ്രിക്കയില്‍ നിന്നുള്ള പുഴുക്കള്‍ക്ക് ഇത്തരമൊരു കഴിവുണ്ടെന്ന് കണ്ടെത്തുന്നതെന്ന് കെനിയയിലെ ഇന്‍റർനാഷണൽ സെന്‍റർ ഓഫ് ഇൻസെക്റ്റ് ഫിസിയോളജി ആൻഡ് ഇക്കോളജിയിലെ (ഐസിഐപിഇ) ശാസ്ത്രജ്ഞയായ ഫാത്തിയ ഖാമിസ് പറഞ്ഞു. ഇത് സംബന്ധിച്ച് പ്രബന്ധം കഴിഞ്ഞ സെപ്തംബറില്‍ സയന്‍റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ചു.

ഗവേഷണത്തിന്‍റെ ഭാഗമായി ലാർവകള്‍ക്ക് നല്‍കിയ പോളിസ്റ്റൈറൈന്‍റെ 50 % വരെ കഴിക്കാൻ അവയ്ക്ക് കഴിഞ്ഞെന്നും ഗവേഷകർ നിരീക്ഷിച്ചു. അതേസമയം പ്ലാസ്റ്റിക്, തവിട് പോലുള്ള ധാന്യപൊടികളോ ഭക്ഷ്യവസ്തുക്കളുമായോ കലര്‍ത്തിയാണ് കൊടുക്കുന്നതെങ്കില്‍ കൂടുതല്‍ പ്ലാസ്റ്റിക് അവയ്ക്ക് കഴിക്കാന്‍ കഴിയുന്നുണ്ടെന്നും കണ്ടെത്തി. ഭക്ഷണപ്പുഴുക്കളുടെ കുടലിലെ ബാക്റ്റീരിയകള്‍ക്ക് പ്ലാസ്റ്റിക്കില്‍ അടഞ്ഞിരിക്കുന്ന പോളിമറുകളെ വേര്‍തിരിക്കാന്‍ സാധിക്കുന്നു. ഒപ്പം, ക്ലുവേര (Kluyvera), ലാക്ടോകോക്കസ് (Lactococcus), ക്ലെബ്സിയെല്ല (Klebsiella) തുടങ്ങിയ സൂക്ഷ്മജീവികള്‍ പോളിസ്റ്റൈറീൻ ആഗിരണം ചെയ്യുന്നതില്‍ നിർണായക പങ്ക് വഹിക്കുന്നു. ഇത്തരം സൂക്ഷ്മ ജീവികള്‍ പ്ലാസ്റ്റിക് ആഗിരണം ചെയ്യുന്നതിനാവശ്യമായ എന്‍സൈമുകള്‍ ഉത്പാദിപ്പിക്കുന്നതാണ് കാരണം. ഇത്തരത്തില്‍ ജൈവികമായി തന്നെ പ്ലാസ്റ്റിക് ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ ഇത് ലാർവകളെ ദോഷകരമായി ബാന്ധിക്കുന്നില്ലെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. 

അതോടൊപ്പം മൃഗങ്ങളുടെ തീറ്റയ്ക്കായി പ്ലാസ്റ്റിക്കിനെ ഉയർന്ന മൂല്യമുള്ള പ്രാണി പ്രോട്ടീനാക്കി മാറ്റുന്നതിന് ഭാവിയില്‍ കഴിയുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഈ ലാർവകളില്‍ നേരത്തെ തന്നെ പ്ലാസ്റ്റിക് ഭക്ഷ്യയോഗ്യമാക്കുന്ന എന്‍സൈമുകള്‍ ഉണ്ടായിരുന്നോ അതോ പ്ലാസ്റ്റിക് കഴിച്ച ശേഷമാണോ പുഴുക്കള്‍ക്ക് ഈ പ്രത്യേക കഴിവ് ലഭിച്ചത് എന്നുള്ള പഠനം നടത്തുമെന്നും ഗവേഷകയായ ഇവാലീൻ എൻഡോട്ടോനോ കൂട്ടിചേര്‍ത്തു.

  • Share This Article
Drisya TV | Malayalam News