ഇലക്ട്രിക് സ്കൂട്ടർ വാങ്ങി ഒരാഴ്ചയ്ക്കകം കേടായി.അടിക്കടി കേടുവരുമ്പോൾ മൊബൈൽ ആപ്പിലും സ്കൂട്ടറിന്റെ ടച്ച് സ്ക്രീനിലും ''നിങ്ങളുടെ സ്കൂട്ടർ ഉറങ്ങുന്നു'' എന്ന സന്ദേശം മാത്രമെത്തും. വാഹനം സ്റ്റാർട്ടാകാതെ വന്നപ്പോഴാണ് അകത്തേത്തറ കാക്കണ്ണി ശാന്തിനഗറിലെ സി.ബി. രാജേഷ് കമ്മിഷനെ സമീപിച്ചത്.നിർമാണത്തകരാറാണ് സ്കൂട്ടറിന് സംഭവിച്ചതെന്ന് കണ്ടെത്തിയ കമ്മിഷൻ, വണ്ടിയുടെ വിലയായ 1.27 ലക്ഷംരൂപ പത്ത് ശതമാനം പലിശസഹിതം ഉടമയ്ക്ക് തിരിച്ചുനൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടു.നഷ്ടപരിഹാരമായി ഒരുലക്ഷം രൂപയും കോടതിച്ചെലവായി 20,000 രൂപയും നൽകണമെന്നും വിധിയിലുണ്ട്. കമ്മിഷൻ പ്രസിഡന്റ് വി. വിനയ് മേനോനും അംഗം എൻ.കെ. കൃഷ്ണൻകുട്ടിയും ചേർന്ന് പുറപ്പെടുവിച്ച ഉത്തരവ് ലഭിച്ച് 45 ദിവസത്തിനകം തുക നൽകണമെന്നും വീഴ്ചവരുത്തിയാൽ പ്രതിമാസം 500 രൂപവീതം അധികമായി നൽകണമെന്നും ഉത്തരവിലുണ്ട്.