ഇരുപത്തേഴുവർഷം മുമ്പത്തെ മോഷണക്കേസിലെ പ്രതിയെ പിടികൂടി മധുര പോലീസ്. ശിവകാശി സ്വദേശിയായ പനീർസെൽവം(55) ആണ് അറസ്റ്റിലായത്.1997-ൽ 60 രൂപ മോഷ്ടിച്ചശേഷം ഒളിവിൽ പോകുകയുമായിരുന്നു പനീർസെൽവം. ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകളിൽ നടപടിയെടുക്കാൻ അസിസ്റ്റന്റ് കമ്മിഷണർ ശൂരകുമാറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സബ് ഇൻസ്പെക്ടർമാരായ സന്താനപാണ്ഡ്യൻ, പനീർശെൽവൻ എന്നിവരടങ്ങുന്ന പ്രത്യേകസംഘം ഒളിവിൽപോയ പ്രതികൾക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് പനീർസെൽവം വലയിലായത്.മധുരയിലെ തെപ്പക്കുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കവർച്ച കേസിലാണ് പനീർസെൽവം ഒളിവിൽ പോയതായി കണ്ടെത്തിയത്. 60 രൂപ മോഷ്ടിച്ചെന്നായിരുന്നു കേസ്. ഈ തുക അടുത്ത കാലം വരെ കണക്കിൽ പെടാത്തതായിരുന്നു. അന്വേഷണത്തിൽ പനീർസെൽവം ശിവകാശിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു അയാൾ. ജനസംഖ്യ കണക്കെടുപ്പ് നടത്താനെന്ന പേരിൽ അന്വേഷണ സംഘം പനീർസെൽവത്തിന്റെ വീട്ടിലെത്തി തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.