Drisya TV | Malayalam News

ഇനി ഭക്ഷണം പാഴാകില്ല, പുതിയ സംവിധാനവുമായി സൊമാറ്റോ

 Web Desk    12 Nov 2024

റദ്ദാക്കിയ ഓര്‍ഡറുകള്‍ മൂലം ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി സൊമാറ്റോ . ''ഫുഡ് റെസ്ക്യൂ'' എന്ന പേരിലുള്ള സൗകര്യമനുസരിച്ച് ഉപയോക്താക്കള്‍ക്ക് അടുത്തുള്ള റെസ്റ്റോറന്‍റുകളില്‍ നിന്ന് റദ്ദാക്കിയ ഓര്‍ഡറുകള്‍ പരിമിത സമയത്തേക്ക് കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ സാധിക്കും. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ക്യാന്‍സല്‍ ചെയ്ത ഓര്‍ഡറുകള്‍ പ്രകാരമുള്ള ഭക്ഷണം വേഗത്തില്‍ ലഭിക്കുമെന്ന് സൊമാറ്റോ അറിയിച്ചു. അതേ സമയം ഐസ്ക്രീം അല്ലെങ്കില്‍ ഷേക്ക് പോലുള്ള കേടാകുന്ന ഉല്‍പ്പന്നങ്ങളില്‍ ഈ സൗകര്യം ലഭ്യമാകില്ല.റദ്ദാക്കിയ ഓര്‍ഡറുകള്‍ റെസ്റ്റോറന്‍റിന്‍റെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഉപഭോക്താക്കള്‍ക്ക് ആപ്പില്‍ ദൃശ്യമാകും. ഈ ഓര്‍ഡറുകള്‍ കുറച്ച് മിനിറ്റുകള്‍ മാത്രമേ ലഭ്യമാകൂ. സമീപത്തുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമേ അവ വാങ്ങാന്‍ കഴിയൂ. ഭക്ഷണത്തിനുള്ള പണം ഓണ്‍ലൈനായി അടച്ചിട്ടുണ്ടെങ്കില്‍, പുതിയ ഉപഭോക്താവ് അടച്ച തുക റെസ്റ്റോറന്‍റും സൊമാറ്റോയും തമ്മില്‍ പങ്കിടും. 99.9 ശതമാനം റസ്റ്റോറന്‍റുകളും ഫുഡ് റെസ്ക്യൂയില്‍ പങ്കെടുക്കാന്‍ തയ്യാറായതായി സൊമാറ്റോ അറിയിച്ചു. റദ്ദാക്കിയ ഓര്‍ഡറുകള്‍ക്കുള്ള പണവും പുതിയ ഉപഭോക്താവ് നല്‍കുന്ന തുകയുടെ ഒരു ഭാഗവും റെസ്റ്റോറന്‍റുകള്‍ക്ക് ലഭിക്കും. ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നത് തടയാന്‍, ക്യാന്‍സലേഷന്‍ ചാര്‍ജിന്‍റെ 100% ഉപഭോക്താവ് നല്‍കേണ്ടി വരും. കൂടാതെ, വെജിറ്റേറിയന്‍ ഉപഭോക്താക്കള്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ ഓര്‍ഡറുകള്‍ കാണാന്‍ സാധിക്കില്ല. 'ഫുഡ് റെസ്ക്യൂ' ഫീച്ചര്‍ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുക മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണം ലഭിക്കുന്നതിനും അവസരമൊരുക്കും.ഓര്‍ഡര്‍ റദ്ദാക്കിയാല്‍ പണം തിരികെ കൊടുക്കില്ല എന്ന നയം ഉണ്ടായിരുന്നിട്ടും, വിവിധ കാരണങ്ങളാല്‍ 4 ലക്ഷത്തിലധികം ഓര്‍ഡറുകള്‍ റദ്ദാക്കപ്പെടുന്നുണ്ട്. ഇത് ഭക്ഷണം പാഴാക്കുന്നതിന് കാരണമാകുന്നുവെന്ന് കണ്ടാണ് ''ഫുഡ് റെസ്ക്യൂ'' അവതരിപ്പിക്കുന്നതെന്ന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News