ഇക്കഴിഞ്ഞ ദിവസം ടീസര്‍ ചിത്രങ്ങളിലൂടെയാണ് പുതിയ കാറിന്റെ പേര് ഫോക്‌സ്‌വാഗണ്‍ വെളിപ്പെടുത്തിയത്. പുതിയ സബ് 4 മീറ്റര്‍ എസ്‌യുവിക്ക് 'ടെറ' (Volkswagen Tera) എന്നാണ് ബ്രാന്‍ഡ് പേരിട്ടിരിക്കുന്നത്.ഫോക്സ്വാഗണില്‍ നിന്നുള്ള ഈ പുതിയ കോംപാക്റ്റ് എസ്‌യുവി 2025-ല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നു.ഇന്ത്യയില്‍ അതിവേഗം വളരുന്ന സബ്-4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന കാര്‍ സ്‌റ്റൈലിഷ് ലുക്കും ഒതുക്കമുള്ള ഡിസൈനുമായായിരിക്കും വരിക.പ്രധാനമായും പുതിയ ഗ്രില്‍, ലൈറ്റിംഗ് സംവിധാനങ്ങള്‍, ബമ്പറുകള്‍, പുനര്‍രൂപകലപ്പന ചെയ്ത ടെയില്‍ഗേറ്റ് എന്നിവയുള്‍പ്പെടെ സവിശേഷമായ ഡിസൈനായിരിക്കും ടെറക്ക് ലഭിക്കുക.സ്കോഡ കൈലാക്കിന് തുടിപ്പേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും ടെറയ്ക്കും തുടിപ്പേകുക. 115 bhp പവറുള്ള ഈ എഞ്ചിന്‍ സിറ്റി, ഹൈവേ ഉപയോഗങ്ങള്‍ക്ക് അനുയോജ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവാരത്തിലും ഉപയോക്തൃ അനുഭവത്തിലും എന്നും ശ്രദ്ധ കൊടുക്കുന്ന ഫോക്സ്വാഗണ്‍ കാറില്‍ വിപുലമായ കണക്റ്റിവിറ്റി ഓപ്ഷനുകള്‍, സുരക്ഷാ സവിശേഷതകള്‍, വിശാലമായ ഇന്റീരിയര്‍, പ്രീമിയം ഫീച്ചറുകള്‍ എന്നിവ ടെറയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.മോഡേണ്‍ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഒരു ജര്‍മന്‍ എസ്‌യുവി വാഗ്ദാനം ചെയ്യുമ്പോള്‍ നിരവധി ഉപഭോക്താക്കള്‍ മറ്റൊന്നും ആലോചിക്കില്ലെന്ന് ഉറപ്പാണ്. ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി വെന്യൂ എന്നീ വമ്പന്‍മാര്‍ അണിനിരക്കുന്ന സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ ടെറ ടെറര്‍ ആകുമോ എന്ന് നമുക്ക് കണ്ടറിയാം.