Drisya TV | Malayalam News

ഒരിക്കൽ ഇലോണ്‍ മസ്‌ക് ഈ കമ്പനിയെ പുച്ഛിച്ചു, എന്നാൽ ഇന്ന് വരുമാനത്തിൽ ടെസ്‌ലയെ പിന്നിലാക്കി അതേ കമ്പനി

 Web Desk    10 Nov 2024

ആഗോള തലത്തില്‍ ഇലക്ട്രിക് കാറുകള്‍ക്ക് വന്‍ പ്രചാരമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റ കാര്‍ ടെസ്‌ലയുടെ ഒരു ഇവി ആയിരുന്നു.ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഇവി ബ്രാന്‍ഡാണ് ടെസ്‌ല (Tesla).അമേരിക്കയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തും ടെസ്‌ലയുടെ ഇലക്ട്രിക് കാറുകള്‍ ലഭ്യമാണ്.എന്നാല്‍ ടെസ്‌ലയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നില്‍ നിന്ന് തന്നെയാണ് ടെസ്‌ലയുടെ നമ്പര്‍ വണ്‍ എതിരാളിയും വരുന്നത്. ഒരുകാലത്ത് ഇലോണ്‍ മസ്‌ക് BYD-യെ ഒരു അഭിമുഖത്തില്‍ പുച്ഛിക്കുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ കമ്പനി ടെസ്‌ലയെ വരുമാനത്തിന്റെ കാര്യത്തില്‍ പിന്നിലാക്കിയിരിക്കുകയാണ്.ചൈനയിലെ മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ BYD, കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 20,110 ബില്യണ്‍ യുവാന്‍ വില്‍പ്പനയിലൂടെ ചരിത്രം സൃഷ്ടിച്ചു. ചൈനയിലെ ഔദ്യോഗിക കറന്‍സിയാണ് യുവാന്‍. മുകളില്‍ പറഞ്ഞ തുക ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ 2,37,555 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം അതായത് 2023-ല്‍ കമ്പനി നേടിയ വരുമാനത്തേക്കാള്‍ 24 ശതമാനം കൂടുതലാണിത്.മറുവശത്ത് ടെസ്ലയുടെ കാര്യത്തില്‍ ഈ ആഗോള ഇലക്ട്രിക് കാര്‍ നിര്‍മ്മാതാവ് 2024 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 2,11,895 കോടി രൂപ വരുമാനം നേടിയിട്ടുണ്ട്. ഇത് പ്രകാരം ടെസ്ലയേക്കാള്‍ ഏകദേശം 26,000 കോടി രൂപ അധികം വരുമാനം BYD നേടിയിട്ടുണ്ട്. എന്നിരുന്നാലും, 2023-നെ അപേക്ഷിച്ച് ടെസ്ലയുടെ വരുമാനം 11.5% വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ട്.ഈ കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ 5,93,315 കോടി രൂപ വരുമാനത്തില്‍ നിന്ന് 29,766 കോടി രൂപയുടെ ലാഭമാണ് BYD നേടിയത്.BYD ഇന്ത്യയിലും ചില കാറുകള്‍ വില്‍ക്കുന്നുണ്ട്. അറ്റോ 3 ഇലക്ട്രിക് എസ്‌യുവി, സീല്‍ ഇലക്ട്രിക് സെഡാന്‍ എന്നിവക്ക് പുറമെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇമാക്‌സ് 7 ഇലക്ട്രിക് എംപിവി പുറത്തിറക്കിയത്. ഇന്ത്യയിലെ BYD-യുടെ ആദ്യ കാറായ e6 എംപിവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണിത്. സൗന്ദര്യവര്‍ധക മാറ്റങ്ങള്‍, കൂടുതല്‍ ഫീച്ചറുകളുള്ള അപ്ഡേറ്റഡ് ഇന്റീരിയര്‍, ടെക്നോളജി, മൂന്ന്-വരി സീറ്റിംഗ് സജ്ജീകരണം എന്നിവയും അതിലേറെയുമുള്ള മാറ്റങ്ങളോടെയാണ് പുത്തന്‍ കാര്‍ അരങ്ങേറിയത്.സ്വന്തം രാജ്യമായ ചൈനയില്‍ വില്‍പ്പന പൊടിപൊടിക്കുന്നുണ്ടെങ്കിലും വിദേശ വിപണികളില്‍ കമ്പനിക്ക് ഭാവിയില്‍ തിരിച്ചടി നേരിട്ടേക്കും. കാരണം യൂറോപ്പില്‍ ചൈനീസ് ഇവികള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് വില്‍പ്പനയെ സാരമായി ബാധിക്കാന്‍ ഇടയുണ്ട്.

  • Share This Article
Drisya TV | Malayalam News