രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് അർഹരായ ദരിദ്ര-ഇടത്തരം വിദ്യാർഥികൾക്ക് തടസ്സമുണ്ടാവാതിരിക്കാൻ പ്രത്യേക വായ്പാ പദ്ധതിയായ പി.എം. വിദ്യാ ലക്ഷ്മി അവതരിപ്പിച്ച് കേന്ദ്രസർക്കാർ.ഇതു പ്രകാരം ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന ഏതൊരാൾക്കും ട്യൂഷൻ ഫീസും മറ്റു ചെലവുകളും വഹിക്കുന്നതിന് ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈടുരഹിതവും ജാമ്യരഹിതവുമായ വായ്പ നൽകുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഓരോ വർഷവും ഒരുലക്ഷം വിദ്യാർഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.ദേശീയ സ്ഥാപന റാങ്കിങ് ചട്ടക്കൂട് (എൻ.ഐ.ആർ.എഫ്.) അടിസ്ഥാനത്തിൽ ആദ്യ നൂറു റാങ്കിലുള്ള കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആദ്യ 200 റാങ്കിലുള്ള സംസ്ഥാന-കേന്ദ്രഭരണ പ്രദേശ സ്ഥാപനങ്ങളിലും (860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ) പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ പലിശയിളവോടെയും ജാമ്യരഹിതമായും നൽകും.കുടുംബ വാർഷികവരുമാനം എട്ടുലക്ഷം വരെയുള്ള വിദ്യാർഥികൾക്ക് 10 ലക്ഷം വരെയുള്ള വായ്‌പയ്ക്ക് മൂന്നു ശതമാനം പലിശയിളവ് നൽകും. ബാങ്കുകൾക്ക് ഇത് കേന്ദ്രസർക്കാർ നൽകും. 7.5 ലക്ഷം വരെയുള്ള വായ്പകളുടെ 75 ശതമാനത്തിനും കേന്ദ്രസർക്കാർ ജാമ്യം നിൽക്കും. വിദ്യാർഥി പഠനകാലയളവിലും അതിനുശേഷം ഒരുവർഷം വരെയും പലിശമാത്രം അടച്ചാൽ മതി. ഇതിന് പറ്റാത്തവർക്ക് പലിശയും ഈ കാലാവധിക്കുശേഷം അടച്ചുതുടങ്ങിയാൽ മതി. 10 ലക്ഷത്തിനുമുകളിൽ വായ്‌പ വേണ്ടവർക്കും അപേക്ഷിക്കാം.
ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലെ പി.എം. വിദ്യാലക്ഷ്‌മി എന്ന ഏകീകൃത പോർട്ടലിലൂടെ.പലിശയിളവിനടക്കമുള്ള അപേക്ഷയും ഇതിലൂടെ നൽകാം. നടപടിക്രമങ്ങൾ ലളിതമാണ്. ഇ വൗച്ചറുകളും സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയും പലിശയിളവിനായി നൽകും. സാമ്പത്തിക പരിമിതി ഇനി ഒരു വിദ്യാർഥിയെയും ഉന്നതവിദ്യാഭ്യാസം നേടുന്നതിൽനിന്ന് പിന്തിരിപ്പിക്കില്ലെന്നും ഇന്ത്യയിലെ പ്രതിഭാധനരായ യുവാക്കൾക്ക് 21-ാം നൂറ്റാണ്ടിലെ ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം സാർവത്രികമാക്കുന്നതിനുള്ള പ്രധാനമന്ത്രി മോദിയുടെ ഉറപ്പാണ് പദ്ധതിയെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിലവിൽ പി.എം. യു.എസ്.പി.-സി.എസ്.ഐ.എസ്. പദ്ധതി പ്രകാരം 4.5 ലക്ഷം രൂപവരെ കുടുംബ വാർഷികവരുമാനമുള്ള അംഗീകൃത സ്ഥാപനങ്ങളിൽ സാങ്കേതിക-പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് മൊറട്ടോറിയം കാലയളവിൽ 10 ലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്പകൾക്ക് പൂർണ പലിശയിളവ് ലഭിക്കും. അതിനാൽ പി.എം. വിദ്യാലക്ഷ്മിയും പി.എം. യു.എസ്.പി.യും ചേരുന്നതോടെ അർഹരായ എല്ലാ വിദ്യാർഥികൾക്കും ഗുണനിലവാരമുള്ള സ്ഥാപനങ്ങളിൽ ഉന്നതവിദ്യാഭ്യാസവും അംഗീകൃത സ്ഥാപനങ്ങളിൽ സാങ്കേതിക- പ്രൊഫഷണൽ വിദ്യാഭ്യാസവും നേടുന്നതിന് സമഗ്രമായ പിന്തുണ ലഭിക്കും.