ഇന്ത്യൻ വിപണിയിൽ കൂടുതൽ വിപുലീകരണം ലക്ഷ്യമിട്ടാണ് സ്കോഡ ഈ പുത്തൻ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.7.89 ലക്ഷം രൂപയാണ് കൈലാക്കിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില. ഇന്ത്യൻ വിപണി നാളുകളായി കാത്തിരുന്ന കൈലാക്കിന്റെ രൂപഭാവം ബ്രാൻഡിൻ്റെ ഏറ്റവും പുതിയ 'മോഡേൺ സോളിഡ്' ഡിസൈൻ ശൈലിയുടെ ഘടകങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റൈലിംഗാണ് എന്ന് നിസംശയം പറയാം. ചുറ്റും ക്ലീൻ ലൈനുകളും ഫ്രണ്ടൽ ലൈറ്റിംഗും വാഹനത്തിനുണ്ട്. മുകൾ വശത്തായി എൽഇഡി DRL സെറ്റപ്പും അതിനു താഴെയായി എൽഇഡി പ്രൊജക്ടർ യൂണിറ്റുകളും വരുന്ന ട്രെൻഡിംഗ് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് കൈലാക്കിന്.ഒരു സ്ലീക്ക് സ്‌കോഡ ഗ്രില്ല്, ബോൾഡ് ലുക്കിനായി ബോണറ്റിൽ മസ്കുലാർ ക്രീസുകൾ എന്നിവ വാഹനത്തിന് ലഭിക്കുന്നു.വാഹനത്തിന്റെ ബുക്കിംഗുകൾ ഡിസംബർ രണ്ട് മുതൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ 2025 ജനുവരി 17-ന് ഭാരത് മൊബിലിറ്റി എക്സ്പോയിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. 2025 ജനുവരി 27 മുതലാവും കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ ആരംഭിക്കുക. സിംഗിൾ -പേൻ സൺറൂഫ്, ഷാർക്ക് ഫിൻ ആൻ്റിന, റൂഫ് മൗണ്ടഡ് സ്‌പോയിലർ, പുതിയ ടെയിൽ ലാമ്പുകൾ, പുതുതായി രൂപകൽപ്പന ചെയ്‌ത 17 ഇഞ്ച് അലോയി വീലുകൾ എന്നിവയും വാഹനത്തിൻ്റെ എക്സ്റ്റീരിയർ മേക്കപ്പിൻ്റെ ഭാഗമായിരിക്കും.3,995 mm നീളവും 2,566 mm വീൽബേസും 189 mm ഗ്രൗണ്ട് ക്ലിയറൻസും സ്കോഡ കൈലാക്കിന് ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇൻ്റീരിയറുകളിലും ചില മികവുറ്റ ഫീച്ചറുകളും എക്യുപ്മെന്റുകളും ഉണ്ടായിരിക്കും.വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ അടങ്ങുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റവും വയർലെസ് ചാർജിംഗും ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും വാഹനത്തിൽ സ്കോഡ വാഗ്ദാനം ചെയ്യുന്നുണ്ട്.സ്‌കോഡ കൈലാക്ക് നിരവധി സേഫ്റ്റി ഫീച്ചറുകളും പായ്ക്ക് ചെയ്യുന്നുണ്ട്, എസ്‌യുവിയ്ക്ക് ആറ് എയർബാഗുകൾ, സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, റോൾഓവർ പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കിംഗ് സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടും. ഇവ ഉപഭോക്താക്കൾക്ക് ഒരു മികച്ച എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യും.ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ-ഹോൾഡ് അസിസ്റ്റ് എന്നിവയ്‌ക്ക് പുറമെ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), പാസഞ്ചർ എയർബാഗ് ഡീ -ആക്ടിവേഷൻ, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ എന്നിവ ഉപയോഗിച്ച് വാഹനത്തിന്റെ സുരക്ഷ കൂടുതൽ വിപുലീകരിക്കും.1.0 ലിറ്റർ TSI പെട്രോൾ എഞ്ചിനായിരിക്കും സ്കോഡ കൈലാക്കിന്റെ ഹൃദയം. കുഷാക്കിനും സ്ലാവിയയ്ക്കും കരുത്തേകുന്ന ഈ എഞ്ചിൻ യൂണിറ്റ് 115 bhp മാക്സ് പവറും 178 Nm പീക്ക് ടോർക്കും വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് വീൽ ഡ്രൈവ് ഫോർമാറ്റിൽ വരുന്ന പുതിയ കൈലാക്കിന് ആറ് -സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് -സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ലഭിക്കും.