Drisya TV | Malayalam News

കൊച്ചി നഗരത്തിലെ രാത്രി കാഴ്ചകള്‍ ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡെക്കര്‍ ബസും നൈറ്റ് ലൈഫ് കേന്ദ്രങ്ങളും 

 Web Desk    8 Nov 2024

സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥി വലിയ വിജയമായതോടെയാണ് പദ്ധതി മറ്റ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ മറൈന്‍ ഡ്രൈവ്, മുനമ്പം എന്നീ കേന്ദ്രങ്ങളാണ് ആദ്യ ഘട്ടത്തില്‍ നൈറ്റ് ലൈഫ് കേന്ദ്രങ്ങളായി പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും വിനോദസഞ്ചാര വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. രാത്രിയിലും തുറന്നിരിക്കുന്ന നിരവധി ഭക്ഷണശാലകളും ചായക്കടകളും കൊച്ചി നഗരത്തിന്റെ പ്രത്യേകതയാണ്. യുവതലമുറയുടെ ഹാങ്ങ് ഔട്ട് സ്‌പോട്ടുകളായ ഇത്തരം കേന്ദ്രങ്ങളില്‍ രാത്രിയായാല്‍ നിരവധി കുടുംബങ്ങളും സഞ്ചാരികളും എത്തുന്നുണ്ട്. ഇതിന് പുറമെ ഷോപ്പിംഗ് മാളുകളിലും ക്വീന്‍സ് വോക്ക് വേ, മറൈന്‍ ഡ്രൈവ് തുടങ്ങിയ സ്ഥലങ്ങളിലും ആളുകളെത്താറുണ്ട്. എന്നാല്‍ സുരക്ഷിതമായ രീതിയില്‍ മികച്ച അനുഭവം ലഭ്യമാക്കുന്ന നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്നാണ് വിനോദ സഞ്ചാര വകുപ്പ് കരുതുന്നത്. നിരവധി ചെറുകിട സംരംഭകര്‍ക്ക് അതൊരു അവസരവുമാകും.ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് നടത്തുന്ന തിരുവനന്തപുരം നഗരത്തിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേ മാതൃകയില്‍ കൊച്ചിയിലും സര്‍വീസ് നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.നിലവിലുള്ള ബസിന്റെ ഒന്നാം നിലയിലെ മേല്‍ക്കൂര മാറ്റി ഓപ്പണ്‍ ബസ് രീതിയിലാകും സര്‍വീസ്. ബസില്‍ യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന ടിക്കറ്റ് വരുമാനത്തിന് പുറമെ പരസ്യ വരുമാനവും കെ.എസ്.ആര്‍.ടി.സി ലക്ഷ്യം വെക്കുന്നുണ്ട്.മാനവീയം വീഥിയില്‍ ആദ്യകാലത്ത് ചെറുപ്പക്കാര്‍ ലഹരി ഉപയോഗിച്ച ശേഷം പരസ്പരം ഏറ്റുമുട്ടുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കുടുംബമായി സന്ദര്‍ശിക്കുന്നവരുടെയും പെണ്‍കുട്ടികളുടെയും സുരക്ഷക്ക് ഭീഷണിയാകുമെന്ന് കണ്ടതോടെ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ച് ഇത്തരം സംഘങ്ങളെ നിയന്ത്രിച്ചിരുന്നു. ലഹരി ഉപയോഗം തടയുന്നതിനായി എക്‌സൈസ് ഉദ്യോഗസ്ഥരെയും വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ച് കൃത്യമായ ക്യാമറ നിരീക്ഷണത്തില്‍ നൈറ്റ് ലൈഫ് കേന്ദ്രം തുടങ്ങിയാല്‍ ആഭ്യന്തര-വിദേശ സന്ദര്‍ശകരെയും ആകര്‍ഷിക്കാന്‍ കഴിയുമെന്നും വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

  • Share This Article
Drisya TV | Malayalam News