Drisya TV | Malayalam News

സിം കാര്‍ഡിന്റെ സഹായമില്ലാതെ കോളുകള്‍ വിളിക്കാനും സന്ദേശങ്ങള്‍ അയക്കാനുമുള്ള പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ബിഎസ്എൻഎൽ 

 Web Desk    7 Nov 2024

രാജ്യ വ്യാപകമായി അതിവേഗം 4 ജി വിപുലീകരിക്കുന്നതിനൊപ്പം വൈകാതെ 5ജിയിലേക്ക് ചുവടുമാറാനുമുള്ള ഒരുക്കത്തിലുമാണ് ഇപ്പോൾ ബി.എസ്.എന്‍.എല്‍.അതിനിടെ ഇതാ സിം കാര്‍ഡിന്റെ സഹായമില്ലാതെ കോളുകള്‍ വിളിക്കാനും സന്ദേശങ്ങള്‍ അയക്കാനുമുള്ള പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നു.ഡയറക്ട് ടു ഡിവൈസ് (D2D) എന്ന ഈ സാങ്കേതിക വിദ്യ ഉപഗ്രഹ- ഭൗമ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളെ ഒന്നിപ്പിച്ച് തടസമില്ലാത്ത കണക്ടിവിറ്റി നല്‍കുന്നുവെന്നാണ് ബി.എസ്.എന്‍.എല്‍ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ വിയാസാറ്റുമായി ചേര്‍ന്ന് D2D ടെക്‌നോളജിയുടെ പരീക്ഷണം ബി.സ്.എന്‍.എല്‍ പൂര്‍ത്തിയാക്കി. സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ മുതല്‍ കാറുകള്‍ വരെ ഉപഗ്രഹ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കാനാകുമെന്ന് വിയാസാറ്റ പറയുന്നു.വിദൂരസ്ഥലങ്ങളിലും നെറ്റ്‌വര്‍ക്ക് കുറവുള്ളിടങ്ങളിലും പോലും തടസരഹിതമായി ആശയ വിനിമയം സാധ്യമാക്കാന്‍ ഇതു വഴി സാധിക്കും. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിലാണ് ബി.എസ്.എന്‍.എല്‍ ഇതിന്റെ പരീക്ഷണം നടത്തിയത്. നോണ്‍ ടെറസ്ട്രിയല്‍ നെറ്റ്‌വര്‍ക്ക് (എന്‍.ടി.എന്‍) കണക്ടിവിറ്റിയുള്ള ഒരു വാണിജ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചാണ് ബി.എസ്.എന്‍.എല്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചത്.സ്വകാര്യ കമ്പനികളായ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവരും ഉപഗ്രഹ കണക്ടിവിറ്റി സേവനങ്ങള്‍ക്കായി ശ്രമം നടത്തുന്നുണ്ട്. ഇലോണ്‍ മസകിന്റെ സ്റ്റാര്‍ലിങ്കാണ് ഇതിലൊരു മുന്‍നിരക്കാരന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഇതിനകം ഉപഗ്രഹ കണക്ടിവിറ്റി എത്തിച്ചു കഴിഞ്ഞു.അതേസമയം, ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന് ലേലത്തിലൂടെ സ്‌പെക്ട്രം അനുവദിക്കണമെന്ന ഇന്ത്യന്‍ ടെലികോം കമ്പനികളുടെ നിലപാടിനെ എതിര്‍ത്ത് ഇലോണ്‍ മസ്‌ക് രംഗത്ത് വന്നിരുന്നു. സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ ഇതുവരെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല.

  • Share This Article
Drisya TV | Malayalam News