ഇന്ത്യയിൽ പല കമ്പനികളും ഇലക്ട്രിക് കരുത്തിൽ പല മോഡലുകൾ എത്തിച്ചിട്ടും ഇതുവരെ ഒരു ഇലക്ട്രിക് കാർപോലും മാരുതി ഇറക്കിയിരുന്നില്ല.ഇലക്ട്രിക് വാഹന വിപണിയിലെ ട്രെന്റ് മനസിലാക്കി ഒരു വാഹനം എത്തിക്കാമെന്നതായിരുന്നു കമ്പനിയുടെ തീരുമാനം.2023 ൽ മാരുതിയുടെ ഇലക്ട്രിക് കൺസെപ്റ്റ് ഇ.വി.എക്സ് എന്നാണ് പേരെങ്കിലും 2025 ലെ പ്രൊഡക്ഷൻ മോഡലിനെ ഇ-വിത്താര എന്നാണ് വിളിക്കുന്നത്.2025-ൽ ഇതിന്റെ പ്രൊഡക്ഷൻ പതിപ്പ് എത്തുമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇന്ത്യയിൽ എത്തുമെന്ന് അറിയിച്ചിരുന്നതിനേക്കാൾ മാസങ്ങൾക്ക് മുമ്പുതന്നെ ഇലക്ട്രിക് മോഡലിന്റെ പ്രൊഡക്ഷൻ പതിപ്പ് ആദ്യ പ്രദർശനം നടത്തിയിരിക്കുകയാണ്. ഇറ്റലിയിലെ മിലാനിലാണ് സുസുക്കി ഈ വാഹനം പ്രദർശിപ്പിച്ചത്.ഇന്ത്യയിൽ 2025 ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിലായിരിക്കും ഈ വാഹനത്തിന്റെ ആദ്യ പ്രദർശനം. മാർച്ച് മാസത്തിൽ ഇ- വിത്താര വിപണിയിൽ അവതരിപ്പിക്കും.2025 ജൂൺ മാസത്തോടെ ഈ വാഹനം വിദേശ വിപണിയിൽ എത്തിക്കുമെന്നാണ് നിർമാതാക്കളായ സുസുക്കി അറിയിച്ചിരിക്കുന്നത്.
മാരുതി സുസുക്കിയിൽ നിന്ന് ഇതുവരെ എത്തിയ ഒരു മോഡലുമായും ഉപമിക്കാൻ സാധിക്കാത്ത തരത്തിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്. വലിപ്പമേറിയ പ്രൊജക്ഷൻ ഹെഡ്‌ലാമ്പ്, എൽ.ഇ.ഡി. ഡി.ആർ.എൽ, രണ്ട് ലൈറ്റുകളെ ബന്ധിപ്പിച്ച നൽകിയിട്ടുള്ള പൊസിഷൻ ലൈറ്റ്, ഗ്ലാസ് ആവരണത്തിൽ നൽകിയിട്ടുള്ള ലോഗോ എന്നിവയാണ് മുന്നിൽ പ്രധാനമായും നൽകിയിട്ടുള്ളത്. ക്ലാഡിങ് പോലെയാണ് ബമ്പർ ഒരുക്കിയിരിക്കുന്നത്. ഗ്രില്ല് ഏരിയ മൂടിക്കെട്ടിയതാണെങ്കിലും വലിയ എയർഡാമാണ് ബമ്പറിൽ നൽകിയിട്ടുള്ളത്. ക്രോം ഇൻസേർട്ടുകളുടെ അകമ്പടിയിലാണ് ഫോഗ്ലാമ്പ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്.കൃത്യമായി മിഡ്-സൈസ് എസ്.യു.വിയുടെ പ്രൗഢി വിളിച്ചോതുന്ന വശങ്ങളാണ് ഇ- വിത്താരയുടേത്. മുന്നിലെ ഫെൻഡറിലാണ് ചാർജിങ് സ്ലോട്ട് നൽകിയിട്ടുള്ളത്. പ്ലാസ്റ്റിക് ക്ലാസിങ്ങിൽ തീർത്തിരിക്കുന്ന വീൽ ആർച്ച് വാഹനത്തിന് ചുറ്റിലും നീളുന്നു. ഷോർഡർ ലൈനുകളും മറ്റും നൽകിയാണ് ഡോർ, 360 ഡിഗ്രി വ്യൂ സപ്പോർട്ട് ചെയുന്ന ക്യാമറ ഉൾപ്പെടെ നൽകിയാണ് റിയർവ്യൂ മിററിന്റെ ഡിസൈൻ. രണ്ടാം നിര ഡോറിന്റെ ഹാൻഡിൽ സി-പില്ലറിലാണ് നൽകിയിട്ടുള്ളത്. പിൻഭാഗത്ത് എൽ.ഇ.ഡി. സ്ട്രിപ്പിൽ കണക്ട‌് ചെയ്ത ടെയ്ൽലാമ്പാണ് പ്രധാന ആകർഷണം. ബ്ലാക്ക് ബമ്പറാണ് പിന്നിൽ കൊടുത്തിട്ടുള്ളത്.
4275 എം.എം. ആണ് മാരുതി സുസുക്കി ഇ-വിത്താരയുടെ നീളം. 1800 എം.എം. ആണ് വീതി. 1635 എം.എം. ഉയരവും 2700 എം.എം. വീൽബേസുമാണ് ഇ- വിത്താരയിൽ നൽകിയിട്ടുള്ളത്. ഈ വാഹനത്തിന്റെറെ ഓൾ വീൽ ഡ്രൈവ് മോഡലിൽ 19 ഇഞ്ച് വലിപ്പമുള്ള അലോയി വീലും, റെഗുലർ പതിപ്പിൽ 18 ഇഞ്ച് വലിപ്പമുള്ള ടയറുമാണ് നൽകിയിരിക്കുന്നത്. ഓൾ വീൽ ഡ്രൈവ് മോഡലും ഇന്ത്യയിൽ എത്തിയേക്കും. വീൽബേസിൽ ക്രെറ്റയെക്കാൾ മുന്നിലാണ്. ബാറ്ററി പാക്ക് ഉൾക്കൊള്ളുന്നതിനും കൂടുതൽ ക്യാബിൻ സ്പേസ് ഉറപ്പാക്കുന്നതിനുമാണ് ഉയർന്ന വീൽബേസ് നൽകിയിട്ടുള്ളതെന്നാണ് വിലയിരുത്തൽ. 180 എം.എം. ആണ് ഇ- വിത്താരയുടെ ഗ്രൗണ്ട് ക്ലിയറൻസ്.
മാരുതിയുടെ വാഹനങ്ങളിൽ പ്രതീക്ഷിക്കാത്ത ഫീച്ചറുകളും ഡിസൈനുമാണ് ഇന്റീരിയറിൽ ഒരുക്കിയിരിക്കുന്നത്. ഫ്ളോട്ടിങ്ങ് ഡ്യുവൽ സ്ക്രീൻ സെറ്റപ്പാണ് ഇൻഫയ്ൻമെന്റ്- ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ ഡിസ്പ്ലേയായി നൽകിയിരിക്കുന്നത്. ഇരട്ട നിറത്തിലാണ് ഡാഷ്ബോർഡിന്റെ ഡിസൈൻ. ഹൊറിസോണ്ടലായി നൽകിയിട്ടുള്ള എ.സി. വെന്റുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. ക്ലൈമറ്റ് കൺട്രോൾ യൂണിറ്റും വളരെ ലളിതമായാണ് നൽകിയിരിക്കുന്നത്. മൾട്ടി ഫങ്ഷൻ സംവിധാനത്തിൽ ടു സ്പോക്ക് സ്റ്റിയറിങ് വീലാണ് നൽകിയിരിക്കുന്നത്. ഇതും മാരുതിയുടെ പുതുമയാണ്.
പ്രീമിയം വാഹനങ്ങളെ പിന്നിലാക്കുന്ന ഡിസൈനിലാണ് സെൻ്റർ കൺസോൾ തീർത്തിരിക്കുന്നത്. വൃത്താകൃതിയിലുള്ള നോബാണ് ഡ്രൈവ് സെലക്ടർ. ഇലക്ട്രോണിക് പവർബ്രേക്ക്, ഓട്ടോ ഹോൾഡ് പോലുള്ള സ്വിച്ചുകൾ ആംറെസ്റ്റിന് സമീവും മറ്റ് സ്വിച്ചുകൾ ഷിഫ്റ്റ് സെലക്ടർ ഡയലിന് ചുറ്റിലുമായാണ് നൽകിയിരിക്കുന്നത്. എ.സി. വെന്റ്, ഗ്ലാസ് ഹോർഡർ, ഡോർപാഡ്, സ്റ്റിയറിങ് വീൽ എന്നിവിടങ്ങളിലായി ക്രോമിയം ഇൻസേർട്ട് നൽകി അലങ്കരിച്ചിട്ടുണ്ട്. ലെതർ-ഫാബ്രിക് കോംപിനേഷനിലാണ് സീറ്റുകൾ തീർത്തിരിക്കുന്നത്. മൂന്ന് നിറങ്ങളും ഇതിൽ നൽകുന്നുണ്ട്. അഞ്ച് സീറ്റർ വാഹനമാണ് ഇ-വിത്താര.
49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷൻ ഇ- വിത്താരയിൽ 144 ബി.എച്ച്.പി. പവറും 189 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുന്ന സിംഗിൾ മോട്ടോറാണ് നൽകുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റിൽ 174 ബി.എച്ച്.പി. പവറും 189 എൻ.എം. ടോർക്കുമേകുന്ന മോട്ടോറും കരുത്തേകുന്നു. ഇ-വിത്തരായുടെ ഓൾ വീൽ ഡ്രൈവ് മോഡലിൽ സുസുക്കിയുടെ ഇ-ഓൾഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ റിയർ ആക്സിലിലും 65 ബി.എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന മോട്ടോർ നൽകുന്നുണ്ട്. ഈ ഇരട്ട മോട്ടോർ മോഡൽ 184 ബി.എച്ച്.പി. പവറും 300 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.ബോൺ ഇലക്ട്രിക് വാഹനമായി എത്തിയിട്ടുള്ള ഇ-വിത്താര ഇന്ത്യയിൽ ടാറ്റ കർവ് ഇ.വി, എം.ജി.ഇസഡ്.എസ്. ഇ.വി, വരവിനൊരുങ്ങിയിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇ.വി, മഹീന്ദ്ര ബി.ഇ.05 എന്നിവയുമായായിരിക്കും ഏറ്റുമുട്ടുകയെന്നാണ് വിലയിരുത്തൽ.