ലോകത്താകമാനമുള്ള വിപണിയിൽ കരുത്തൻ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള വാഹന നിർമാതാക്കളാണ് കിയ മോട്ടോഴ്സ്.ഇപ്പോൾ കിയ മോട്ടോഴ്സിൽ നിന്ന് ആദ്യമായി ഒരു ലൈഫ് സ്റ്റൈൽ ട്രക്കും പുറത്തിറങ്ങിയിരിക്കുകയാണ്. കിയ ടാസ്മാൻ എന്ന പേരിലാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.2025 പകുതിയോടെ കൊറിയൻ വിപണികളിൽ എത്തിക്കുന്ന ഈ വാഹനം പിന്നീട് ഓസ്ട്രേലിയ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലും എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. സിംഗിൾ ക്യാബിൻ, ഡബിൾ ക്യാബിൻ ഓപ്ഷനുകളിൽ കിയ ടാസ്മാൻ പുറത്തിറക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.മസ്കുലർ ഭാവമുള്ള എസ്. യു. വിക്ക് സമാനമായാണ് ഈ വാഹനത്തിന്റെ മുൻവശം ഒരുക്കിയിരിക്കുന്നത്. ആറ് സ്ലോട്ട് വെർട്ടിക്കിൾ ഗ്രില്ല്, വീൽ ആർച്ചിനോട് ചേർന്ന് നൽകിയിരിക്കുന്ന എൽ. ഇ. ഡി. ഹെഡ്ലാമ്പ്, ഓഫ് റോഡ് വാഹനങ്ങളിൽ നൽകുന്നതിന് സമാനമായ ബമ്പർ, ഉയർന്ന ബോണറ്റ് എന്നിവയാണ് മുൻവശത്തിന് അഴകേകുന്നത്. പ്ലാസ്റ്റിക് ക്ലാഡിങ്ങുകളാണ് വീൽ ആർച്ചായി നൽകിയിരിക്കുന്നത്. ഇതിനൊപ്പം 17 ഇഞ്ച് വലിപ്പമുള്ള ടയറുകളും ടാസ്മാനിൽ നൽകുന്നുണ്ട്. എൽ. ഇ. ഡിയിൽ തീർത്തിരിക്കുന്ന ടെയ്ൽലാമ്പാണ് പിന്നിൽ നൽകിയിരിക്കുന്നത്.ബോഡി ഓൺ ഫ്രെയിം പ്ലാറ്റ്ഫോമിൽ ഒരുങ്ങിയിരിക്കുന്ന ടാസ്മാൻ പിക്ക്അപ്പിന് 5410 എം. എം. നീളവും 1930 എം. എം. വീതിയും 1920 എം. എം. ഉയരവും 3270 എം. എം. വീൽബേസുമാണ് നൽകിയിരിക്കുന്നത്. അഡാസ് ലെവൽ ടൂ സംവിധാനമാണ് ഈ വാഹനത്തിൽ സുരക്ഷയൊരുക്കുന്നത്. ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് കൊളീഷൻ വാണിങ്, റിമോട്ട് പാർക്കിങ്ങ് അസിസ്റ്റ് തുടങ്ങിയവയാണ് അഡാസ് അധിഷ്ഠിത ഫീച്ചറുകൾ. പിക്ക്അപ്പ് ശ്രേണിയിൽ വരുന്ന വാഹനമാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ല. 12. 3 ഇഞ്ച് വലിപ്പത്തിലുള്ള രണ്ട് സ്ക്രീനുകളാണ് ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററായും ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമായും നൽകിയിരിക്കുന്നത്.മടക്കിവയ്ക്കാൻ കഴിയുന്ന വലിയ കൺസോൾ ടേബിൾ, വയർലെസ് ചാർജിങ് പാഡുകൾ, സീറ്റുകളുടെ താഴെയായി നൽകിയിരിക്കുന്ന ഹിഡൻ സ്റ്റോറേജ് സ്പേസുകൾ, 30 ഡിഗ്രി വരെ ചായ്ക്കാൻ സാധിക്കുന്ന റിയർ ബാക്ക് റെസ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിൽ നൽകിയിരിക്കുന്നത്.രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് ടാസ്മാൻ എത്തുന്നത്. 210 ബി. എച്ച്. പി. പവറും 441 എൻ. എം. ടോർക്കുമേകുന്ന 2. 2 ലിറ്റർ ഡീസൽ എൻജിനിലും 281 ബി. എച്ച്. പി. പവറും 421 എൻ. എം. ടോർക്കുമേകുന്ന 2. 5 ലിറ്റർ ടർബോ പെട്രോൾ പെട്രോൾ എൻജിനുമായിരിക്കും ഇവ. എട്ട് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവൽ എന്നീ ട്രാൻസ്‌മിഷൻ ഓപ്ഷനുകളും ഇതിൽ നൽകും. പെട്രോൾ എൻജിൻ മോഡൽ 8.5 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. 185 കിലോമീറ്ററാണ് പരമാവധി വേഗത.ബേസ്, എക്സ്-ലൈൻ, എക്‌സ്-പ്രോ എന്നീ മൂന്ന് വേരിയന്റുറുകളിലാണ് ടാസ്മാൻ എത്തുന്നത്.