Drisya TV | Malayalam News

300 അപേക്ഷകൾ, 500 ഇ-മെയിലുകൾ, 10 റൗണ്ട് ഇന്‍റർവ്യൂ; ടെസ്‌ലയിൽ ജോലി കിട്ടിയത് വിവരിച്ച് ഇന്ത്യൻ യുവാവ്

 Web Desk    2 Nov 2024

ഒരു നല്ല ജോലി ലഭിക്കുകയെന്നത് എല്ലാ യുവാക്കളുടെയും സ്വപ്നമാണ്. എന്നാൽ, ലോകത്തിലെ തന്നെ പ്രമുഖ കമ്പനിയായ ടെസ്‌ലയിൽ ആയാലോ ജോലി. അതത്ര എളുപ്പമല്ലെന്ന് ധ്രുവ് ലോയ എന്ന മഹാരാഷ്ട്രക്കാരൻ പറയുന്നു. ലോക കോടീശ്വരനായ ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ടെസ്‌ലയിൽ തനിക്ക് ജോലി കിട്ടിയതെങ്ങിനെയെന്നത് സമൂഹമാധ്യമങ്ങളിലൂടെ വിവരിച്ചിരിക്കുകയാണ് ധ്രുവ്.''അവസാനം എനിക്കൊരു ജോലി കിട്ടി'' എന്നാണ് ധ്രുവ് ലിങ്ക്ഡ്ഇന്നിലെ കുറിപ്പിൽ പറഞ്ഞത്. വെല്ലുവിളി നിറഞ്ഞ ഒരു യാത്രയുടെ അവസാനം നിങ്ങളുമായി പങ്കുവെക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. എന്നെ സഹായിക്കുകയും പിന്തുണക്കുകയും ഒപ്പംനിൽക്കുകയും ചെയ്തവർക്ക് ഒരുപാട് നന്ദി -ടെസ്‌ലയിൽ ടെക്നിക്കൽ സപ്പോർട്ട് സ്പെഷലിസ്റ്റായി ജോലി കിട്ടിയതിന് പിന്നാലെ ധ്രുവ് പറഞ്ഞു.അഞ്ച് മാസമാണ് ജോലിക്കായി പ്രയത്നിക്കേണ്ടിവന്നത്. മൂന്ന് ഇന്‍റേൺഷിപ്പുകളും മികച്ച ജി.പി.എയും ശ്രദ്ധേയമായ അക്കാദമികേതര കഴിവുകളുമുണ്ടായിട്ടും അഞ്ച് മാസം ജോലിയില്ലാതെ കഴിയേണ്ടിവന്നു. വാടക കാലാവധി കഴിഞ്ഞു, ഹെൽത്ത് ഇൻഷുറൻസ് നഷ്ടപ്പെട്ടു, വിസ കാലാവധി കഴിയുന്നതോടെ ഏത് നിമിഷവും യു.എസിൽ നിന്ന് പുറത്താക്കപ്പെടുമെന്ന ഭയം വന്നു. സുഹൃത്തുക്കളോടൊപ്പമാണ് അന്ന് താമസിച്ചത്. ഓരോ ഡോളറും യു.എസിൽ തുടരാനുള്ള ആഗ്രഹത്തോടെ ചിലവഴിച്ചു. അതിനെല്ലാം ഫലമുണ്ടായിരിക്കുന്നു. ടെസ്‌ലയിൽ മികച്ച ജോലി ലഭിച്ചിരിക്കുന്നു -ധ്രുവ് എഴുതി.

  • Share This Article
Drisya TV | Malayalam News