ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ നിന്നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം പുറത്തുവരുന്നത്. മയക്കുമരുന്നിന് അടിമയായ ഈ പെൺകുട്ടിയിൽ നിന്നാണ് ഈ യുവാക്കൾക്ക് രോഗബാധയുണ്ടായതെന്നാണ് കരുതപ്പെടുന്നത്. ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സാധാരണഗതിയിൽ സംസ്ഥാനത്ത് ഒരു വർഷം 20 എച്ച്.ഐ.വി കേസുകളിൽ താഴെ റിപ്പോർട്ട് ചെയ്യുന്ന സ്ഥാനത്താണ് ഏതാനും മാസങ്ങൾക്കിടെ 19 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 17 മാസങ്ങൾക്കിടെ രാംനഗറിൽ മാത്രം 45ലേറെ പേർക്ക് എച്ച്.ഐ.വി ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്.നൈനിറ്റാളിലെ രാംനഗറിൽ നിരവധി യുവാക്കൾ രോഗബാധിതരാവുകയും പരിശോധനയിൽ എച്ച്.ഐ.വി സ്ഥിരീകരിക്കുകയും ചെയ്‌തോടെയാണ് സംഭവം പുറംലോകമറിയുന്നത്. രോഗലക്ഷണത്തെ തുടർന്ന് നിരവധി യുവാക്കൾ സർക്കാരിൻ്റെ പ്രത്യേക പരിശോധന കേന്ദ്രത്തിലെത്തുകയായിരുന്നു. ടെസ്റ്റ് നടത്തിയതിൽ വലിയൊരു വിഭാഗം യുവാക്കളിലും രോഗം സ്ഥിരീകരിച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം അധികാരികൾ മനസ്സിലാക്കുന്നത്. തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് രോഗവ്യാപനത്തിന്റെ കാരണങ്ങൾ തിരിച്ചറിഞ്ഞത്.രോഗബാധിതയും മയക്കുമരുന്ന് അടിമയുമായ പെൺകുട്ടി പണത്തിനായി പ്രാദേശത്തെ നിരവധി യുവാക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. യുവാക്കളിൽ ആരോഗ്യ വകുപ്പ് നടത്തിയ കൗൺസിലിങ്ങിനെ തുടർന്നാണ് രോഗവ്യാപനത്തിന്റെ ഉറവിടം മനസ്സിലാകുന്നത്. സംഭവം വാർത്തയായതോടെ നൈനിറ്റാൾ ചീഫ് മെഡിക്കൽ ഓഫീസർ ഹരിഷ് ചന്ദ്ര പന്ത് ഉൾപ്പടെയുള്ളവർ വിഷയത്തലിടപെട്ടിട്ടുണ്ട്.നിലവിൽ രോഗബാധിരായ യുവാക്കളിൽ വലിയൊരു വിഭാഗവും വിവാഹിതരാണെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇവരുടെ പങ്കാളികൾക്കും പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.