വിവരം കൃത്യമാക്കി കൊടുത്താൽ ചുരുങ്ങിയ സമയം കൊണ്ട് യന്ത്രം സിം കാർഡ് തരും. ബി.എസ്.എൻ.എൽ.ആണ് സിം കാർഡ് തയ്യാറാക്കി നൽകുന്ന സിം വെൻഡിങ് കിയോസ്കുമായി എത്തുന്നത്. ഇന്റൻസ് ടെക്നോളജീസ്, മൊർസ് എന്നീ കമ്പനികളാണ് എ.ടി.എം.സമാനമായ യന്ത്രസംവിധാനത്തിന് പിന്നിൽ. ന്യൂഡൽഹിയിൽ നടന്ന മൊബൈൽ കോൺഗ്രസിൽ ബി.എസ്.എൻ.എൽ. സി.എം.ഡി. റോബര്ട്ട് ജെ. രവിയുടെ സാന്നിധ്യത്തിലായിരുന്നു ഇതിന്റെ പരിചയപ്പെടുത്തൽ.
*വേണ്ടത് ആധാറും രജിസ്റ്റർ ചെയ്ത മൊബൈലും*
കിയോസ്കുവഴി സിം കാർഡ് എടുക്കാൻ ആധാർ നമ്പരും അതിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറുളള ഫോണും വേണം. ഫെയ്സ് റെക്കഗൈനേഷൻ ആവശ്യമായതിനാൽ അപ്ഡേറ്റ് ചെയ്ത ആധാർ ആയിരിക്കണം.നടപടിക്രമം ഇങ്ങനെ:
*1) ആളെ തിരിച്ചറിയൽ*
മെഷീനിന്റെ സ്ക്രീനിലെ വിൻഡോയിൽ സിം കാർഡ് ഓപ്ഷനിൽ ആധാർ നമ്പർ നൽകുക. തുടർന്ന് അതിലെ ക്യാമറ ഉപയോഗിച്ച് ഫോട്ടോയും കൃഷ്ണമണിയുെട പരിശോധനയും നടക്കും. പിന്നാലെ വിരലടയാളം നൽകണം. ആധാർ വെരിഫിക്കഷൻ പൂർത്തിയാകുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി. ലഭിക്കും.
*2) നമ്പർ തിരഞ്ഞെടുക്കൽ*
വ്യക്തിവിവരം മൊബൈൽ സേവനദാതാവിന്റെ സെര്വറിലേക്ക് കൈമാറുന്നതോടെ മൊബൈൽ സിം നമ്പർ തിരഞ്ഞെടുക്കാം. പണം കൊടുത്ത് എടുക്കേണ്ട ഫാൻസി നമ്പരുകളും ഉണ്ട്.
*3) പണം അടയ്ക്കൽ*
സിം കാർഡിന്റെ ഫീസും ഫാൻസി നമ്പർ എടുത്താൽ അതിന്റെ തുകയും റീചാർജ് ചെയ്യണമെങ്കിൽ അതിനുള്ള തുകയും നൽകുന്നതോടെ കിയോസ്കിൽ നിന്ന് സിംകാർഡ് പുറത്തേക്ക് വരും. അൽപസമയത്തിനകം ആക്ടിവേറ്റ് ആകും.