Drisya TV | Malayalam News

സൈനിക വിമാനാപകടത്തിൽ മരിച്ച തോമസ് ചെറിയാന്റെ സംസ്കാരം നാളെ

 Web Desk    3 Oct 2024

1968ൽ നടന്ന സൈനിക വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. കരസേന ഏറ്റുവാങ്ങിയ ശേഷം മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ തോമസ് ചെറിയാന്റെ ജന്മനാടായ ഇലന്തൂരിലെത്തിക്കുമെന്നു ബന്ധുക്കൾക്കു വിവരം ലഭിച്ചു.തോമസ് ചെറിയാന്റെ സഹോദരന്റെ മകൻ ഷൈജു കെ.മാത്യുവിന്റെ വീട്ടിലേക്കാണു മൃതദേഹം കൊണ്ടുവരുന്നത്. സംസ്കാരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ 11ന് തുടങ്ങും.ഉച്ചയ്ക്കു 2ന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്‌കരിക്കും.102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡിൽ നിന്നു ലേയിലേക്കു പോയ എഎൻ-12 വിമാനം 1968 ഫെബ്രുവരി ഏഴിനാണു കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കാണാതായത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതു വരെ കണ്ടെടുത്തിട്ടുള്ളു.ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പരേതനായ ഒ.എം.തോമസ് ഏലിയാമ്മ ദമ്പതികളുടെ 5 മക്കളിൽ രണ്ടാമനായിരുന്ന തോമസ് ചെറിയാന് കാണാതാകുമ്പോൾ 22 വയസ്സായിരുന്നു.

  • Share This Article
Drisya TV | Malayalam News