ഇടക്കാലത്ത് ഒഴിവാക്കിയ ടൂറിസം ടാക്‌സുമായി വീണ്ടും എത്തിയിരിക്കുകയാണ് തായ്‌ലൻഡ്.ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാനും സഞ്ചാരികളുടെ സുരക്ഷ വർധിപ്പിക്കാനുമാണ് ഈ തുക വിനിയോഗിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.വിമാനമാർഗം എത്തുന്നവരിൽ നിന്ന് 300 ബാത്ത്(750 ഇന്ത്യൻ രൂപ)യും റോഡ് മാർഗവും കടൽമാർഗവും എത്തുന്നവരിൽ നിന്ന് 150 ബാത്ത്(380 ഇന്ത്യൻ രൂപ) ആയിരിക്കും ഈടാക്കുക. രണ്ടുവയസ്സിന് താഴെയുള്ള കുട്ടികളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സഞ്ചാരികൾ ഏത് രീതിയിലാണ് ഈ തുക അടയ്ക്കേണ്ടത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.പുതുതായി ചുമതലയേറ്റ ടൂറിസം മന്ത്രി സൊറവോങ്ങ് തിയെൻതോങ്ങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വൈകാതെ തന്നെ സഞ്ചാരികളിൽ നിന്ന് ഈ തുക ഈടാക്കുമെന്നാണ് വിവരം. ഒരു വർഷത്തിനുളളിൽ തന്നെ തായ്ലൻഡിന്റെ ടൂറിസം വരുമാനം മൂന്ന് ട്രില്ല്യൺ ബാത്ത് ആയി ഉയർത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് സൊറവോങ്ങ് തിയെൻതോങ്ങ് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായാണ് ടൂറിസം ടാക്സ് ഏർപ്പെടുത്തിയത്.