Drisya TV | Malayalam News

വന്‍ സൈബര്‍ തട്ടിപ്പ്: കൊച്ചിയില്‍ ഒറ്റ ദിവസം 10 പേര്‍ക്ക് നഷ്ടമായത് ₹ 1.9 കോടി

 Web Desk    1 Oct 2024

സൈബര്‍ തട്ടിപ്പുകളും ഓണ്‍ലൈന്‍ ചതികളും വര്‍ധിക്കുന്ന പ്രവണതയാണ് കേരളത്തില്‍ കണ്ടു വരുന്നത്. ഒട്ടേറെ ആളുകള്‍ക്കാണ് ഓണ്‍ലൈനില്‍ പണം ആവശ്യപ്പെട്ടുളള ഭീഷണികളും വ്യാജ സന്ദേശങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നത്.കൊച്ചിയിൽ ഇത്തരത്തിലുളള 10 കേസുകളാണ് വെളളിയാഴ്ച മാത്രം രജിസ്റ്റർ ചെയ്തത്. കേരളാ സൈബര്‍ പോലീസും അധികൃതരും വ്യാപകമായി ബോധവത്കരണ പ്രചരണങ്ങള്‍ നടത്തിയിട്ടും സൈബർ തട്ടിപ്പ് സംഭവങ്ങൾ വ്യാപകമാകുന്നത് എല്ലാവരെയും ആശങ്കയിലാക്കുകയാണ്.കൊച്ചി നഗരവാസികളായ 10 പേരിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 1.9 കോടി രൂപയാണ്. പണം നഷ്ടപ്പെട്ടവരിൽ യുവാക്കളും 70 വയസ്സിനു മുകളിലുള്ള വയോധികനും ഉൾപ്പെടുന്നു.കടവന്ത്ര സ്വദേശിയായ 73 കാരനെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ ജീവനക്കാരനെന്ന് അറിയിച്ച് ഒരാൾ ബന്ധപ്പെടുകയായിരുന്നു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ നിക്ഷേപിച്ച് ഉയർന്ന ലാഭം നേടാമെന്നാണ് പ്രതികള്‍ വയോധികനെ വിശ്വസിപ്പിച്ചത്. ഉയർന്ന വരുമാനം പ്രതീക്ഷിച്ച് ഇദ്ദേഹം ഒന്നിലധികം തവണയായി 76 ലക്ഷം രൂപ കൈമാറുകയായിരുന്നു.ഷെയർ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിൽ നിക്ഷേപിച്ചാല്‍ അഞ്ച് മിനിറ്റിനുള്ളിൽ ഇരട്ടി ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തിരുവാങ്കുളം സ്വദേശിയില്‍ നിന്ന് 7.21 ലക്ഷം രൂപ തട്ടിയെടുത്തത്. ആദ്യം ചെറിയ തുക നിക്ഷേപിച്ചപ്പോള്‍ ഉടൻ തന്നെ ഇയാള്‍ക്ക് വാഗ്ദാനം ചെയ്ത ലാഭം ലഭിച്ചു. തുടര്‍ന്ന് വലിയ തുക നിക്ഷേപിച്ചപ്പോള്‍ പ്രതികള്‍ മുങ്ങുകയായിരുന്നു.ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ മൂന്നും തൃക്കാക്കര, മരട് പൊലീസ് സ്റ്റേഷനുകളിൽ രണ്ടും കടവന്ത്ര, ഹിൽപാലസ്, സൈബർ പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസും വീതം സൈബര്‍ തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 400 ലധികം സൈബർ തട്ടിപ്പ് കേസുകളിലായി ഇരകൾക്ക് 30 കോടിയിലധികം രൂപയാണ് നഷ്ടപ്പെട്ടത്.

  • Share This Article
Drisya TV | Malayalam News