Drisya TV | Malayalam News

56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും 

 Web Desk    1 Oct 2024

1968 ൽ ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ ഉണ്ടായ വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി ഒടാലിൽ തോമസ് ചെറിയാൻ ഉൾപ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘമേറിയ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്.കാണാതാകുമ്പോൾ 22 വയസ്സ് മാത്രമാണ് തോമസ് ചെറിയാന്റെ പ്രായം. ഇദ്ദേഹത്തിന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ 103 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണാണ് അപകടമുണ്ടായത്.വിമാന അപകടത്തിൽ 102 പേർ മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്. തോമസ് ചെറിയാന്‍ പരിശീലനശേഷം പോസ്റ്റിംഗ് കിട്ടി പോകും വഴിയായിരുന്നു അപകടം സംഭവിച്ചതെന്ന് ബന്ധുവായ ഷൈജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തിരച്ചിൽ നടത്തുന്നുണ്ടെന്ന് അഞ്ച് വർഷം മുമ്പും സൈന്യം അറിയിച്ചിരുന്നു. പിന്നീടിപ്പോഴാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയെന്ന വിവരം സൈന്യത്തിൽ നിന്ന് ഉണ്ടായതെന്നും ഷൈജു വിവരിച്ചു. 2019 ലും 5 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇപ്പോൾ തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ഒരാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും. ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം.

  • Share This Article
Drisya TV | Malayalam News