Drisya TV | Malayalam News

ഇലക്ട്രിക് സൈക്കിളുകളുമായി ടാറ്റ

 Web Desk    25 Sep 2024

ബോഡി ഫിറ്റാക്കാന്‍ ഇന്നത്തെ തലമുറ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒന്നാണ് സൈക്കിള്‍. പുതിയ കൗമാരക്കാര്‍ മാത്രമല്ല, കോര്‍പറേറ്റ് മേഖലയില്‍ തൊഴിലെടുക്കുന്ന ഹെല്‍ത് കോണ്‍ഷ്യസ് ആയവരും സൈക്കിള്‍ ചവിട്ടുന്നത് പതിവാക്കിയിരിക്കുകയാണ് നവ ഇന്ത്യയില്‍. ബെംഗളൂരുവില്‍ നിരവധി ടെക്കികള്‍ കാറുകള്‍ക്ക് പകരം സൈക്കിള്‍ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു.ഇക്കഴിഞ്ഞ കൊവിഡ് മഹാമാരിക്കാലത്ത് ലോകമാകെ വീട്ടിലിരുന്നപ്പോള്‍ ആരോഗ്യ സംരക്ഷണത്തെപ്പറ്റി ചിന്തിച്ച പലരും അതിനു പറ്റിയ നല്ല മാര്‍ഗ്ഗം സൈക്കിളിംഗാണെന്ന തിരിച്ചറിഞ്ഞിരുന്നു.കാലം മാറിയതോടെ സൈക്കിളുകളുടെ കാര്യത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. പണ്ട് കായികാധ്വാനം കൂടുതൽ വേണ്ടിയിരുന്നിടത്ത് ഇന്ന് പല സൈക്കിളുകളും സ്കൂട്ടർ പോലെ കൊണ്ടുനടക്കാം. ഇപ്പോഴിതാ സൈക്കിളുകളുടെ ലോകത്തേക്ക് ഇലക്ട്രിക് സൈക്കിളുകളും കടന്നുവന്നിരിക്കുന്നു. പെട്രോള്‍ വില വര്‍ധിച്ചതോടെ ഇന്ത്യയിൽ പലരും ഇ-സൈക്കിളുകളിലേക്ക് മാറുകയാണ്. ഹ്രസ്വദൂരത്തില്‍ എത്തിച്ചേരാന്‍ ഏറ്റവും പറ്റിയ വഴി ഇ-സൈക്കിള്‍ തന്നെ. രത്തന്‍ ടാറ്റ തന്നെ ഇ-സൈക്കിളിന്റെ കാര്യത്തില്‍ മുന്‍കയ്യെടുക്കുകയാണ്. ടാറ്റയുടെ ഉപസ്ഥാപനമായ ടാറ്റ ഇന്‍റര്‍നാഷണൽ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ സ്‌ട്രൈഡറിലൂടെയാണ് രത്തന്‍ ടാറ്റ ഇന്ത്യയിലേക്ക് സൈക്കിള്‍ എത്തിക്കുന്നത്.ഇപ്പോഴിതാ ഇലക്ട്രിക് സൈക്കിളില്‍ രണ്ട് പുതിയ മോഡലുകള്‍ പുറത്തിറക്കുകയാണ് ടാറ്റ. വോൾട്ടിക് X, വോൾട്ടിക് ഗോ എന്നീ രണ്ട് പുതിയ ഇ-ബൈക്ക് മോഡലുകളാണ് സ്‌ട്രൈഡർ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തേതിന് 32,495 രൂപയും രണ്ടാമത്തെ പ്രീമിയം മോഡലിന് 31,495 രൂപയുമാണ് വില വരുന്നത്. സൈക്കിളുകളുടെ ശരിയായ വിലകളിൽ നിന്ന് 16 ശതമാനം വരെ ഡിസ്കൗണ്ടിട്ടുള്ള വിലയാണിതെന്നും കമ്പനി പറയുന്നു.

  • Share This Article
Drisya TV | Malayalam News