Drisya TV | Malayalam News

വിക്ടോറിയ രാജ്ഞിയുടെ പ്രിയപ്പെട്ട വിശ്രമ കേന്ദ്രം വിൽപനക്ക്; വില 460 കോടി

 Web Desk    21 Sep 2024

വിക്ടോറിയ രാജ്ഞിയുടെ പ്രിയപ്പെട്ട വിശ്രമ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഇറ്റലിയിലെ വില്ല പൽമിയേരി വിൽപനക്ക്. ടസ്കൻ മേഖലയുടെ തലസ്ഥാനമായ ഫ്ലോറൻസിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ വില്ല വിൽപ്പനക്കെത്തിയിരിക്കുന്നത് ഏകദേശം 460 കോടി രൂപയ്ക്കാണ്. ഡ്രീമർ റിയൽ എസ്റ്റേറ്റ് എന്ന കമ്പനിയാണ് ഈ പ്രോപ്പർട്ടിയുടെ വിൽപ്പന കൈകാര്യം ചെയ്യുന്നത്. ഫ്ലോറൻസിൻ്റെ പ്രാന്തപ്രദേശത്തുള്ള കുന്നുകളിൽ സ്ഥിതി ചെയ്യുന്ന വിശാലമായ വില്ലക്ക് നിരവധി പ്രത്യേകതകളുണ്ട്. 22 ഏക്കർ എസ്റ്റേറ്റിനു നടുവിൽ 43,000 സ്ക്വയർ ഫീറ്റിലാണ് വില്ല നിർമിച്ചിരിക്കുന്നത്. 23 കിടപ്പുമുറികൾ, 19 കുളിമുറികൾ, ടെന്നീസ് കോർട്ട്, ഹെലിപാഡ്, പുരാതന നീന്തൽക്കുളം വിശാലമായ പൂന്തോട്ടം എന്നിവയെല്ലാമിവിടെയുണ്ട്. ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ സാഹിത്യകൃതികളിലൊന്നായ ബൊക്കാസിയോയുടെ ഡെക്കാമെറോണിൽ വില്ലയെ പറ്റി പരാമർശമുണ്ട്. 14-ആം നൂറ്റാണ്ടിൽ നിർമിച്ച വില്ലയുടെ ആദ്യ ഉടമസ്ഥർ ഫിനി കുടുംബമായിരുന്നു. 1454-ൽ മാറ്റിയോ ഡി മാർക്കോ പൽമിയേരി ഏറ്റെടുത്തതിന് ശേഷമാണ് വില്ല പൽമിയേരി എന്ന പേര് നൽകിയത്. 1760ൽ മൂന്നാമത്തെ ഏൾ കൗപ്പർ വില്ല വാങ്ങിയതോടൊണ് പ്രോപ്പർട്ടി ഇംഗ്ലീഷ് കൈകളിലെത്തിയത്. 1873-ൽ ക്രോഫോർഡിൻ്റെ പ്രഭു ജെയിംസ് ലുഡോവിക് ലിൻഡ്‌സെ പ്രോപ്പർട്ടി വാങ്ങി. അക്കാലത്താണ് ഇത് വിക്ടോറിയ രാജ്ഞിയുടെ പ്രിയപ്പെട്ട വിശ്രമകേന്ദ്രമായി മാറിയത്. വില്ല പൽമിയേരിയുമായുള്ള വിക്ടോറിയ രാജ്ഞിയുടെ ബന്ധം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1888-ൽ ഒരു മാസത്തോളം രാജ്ഞി വില്ലയിൽ താമസിച്ചിരുന്നു. അവിടെ അനുഭവിക്കാനാകുന്ന ശാന്തതയും ഏകാന്തതയുമാണ് രാജ്ഞിയ്ക്ക് വില്ല അത്രമേൽ പ്രിയപ്പെട്ടതാകാൻ കാരണമെന്ന് അന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. 1893ലും 1894ലും രാജ്ഞി ഇവിടേക്ക് വന്നതായി രേഖകളുണ്ട്. അന്തരിച്ച ഭർത്താവ് ആൽബർട്ട് രാജകുമാരന്റെ ഛായാചിത്രങ്ങളും കിടക്ക, ചാരുകസേര, സോഫ, മേശ, ബാത്ത്ടബ് അടക്കമുള്ളവയും രാജ്ഞി തനിക്കായി ഇവിടേക്ക് എത്തിച്ചിരുന്നു. രാജ്ഞി ഇവിടെ താമസിച്ചിരുന്നുവെന്നു കാട്ടുന്ന ചില ഫലകങ്ങൾ പൂന്തോട്ടത്തിലെ മരങ്ങളിൽ ഇപ്പോഴുമുണ്ട്.

  • Share This Article
Drisya TV | Malayalam News