Drisya TV | Malayalam News

വിശ്രമമില്ലാതെ തുടര്‍ച്ചയായി 104 ദിവസം ജോലി ചെയ്ത യുവാവിന് ദാരുണാന്ത്യം

 Web Desk    16 Sep 2024

ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. വിശ്രമമില്ലാതെ ജോലി ചെയ്ത അബാവോ എന്ന 30 കാരന്‍ അവയവങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്നാണ് മരണപ്പെട്ടത്.104 ദിവസത്തെ ജോലിയ്ക്കിടെ ഒരു ദിവസം മാത്രമാണ് ഇദ്ദേഹം അവധിയെടുത്തത്. ചൈനയിലെ ഒരു കമ്പനിയില്‍ പെയിന്ററായാണ് അബാവോ ജോലി ചെയ്തുവന്നിരുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അബാവോ കമ്പനിയുമായി കരാറില്‍ ഒപ്പുവെയ്ച്ചത്. കരാര്‍ അനുസരിച്ച് ഷെജിയാങ് പ്രവിശ്യയിലെ ഷൗഷാനിലെ ഒരു പ്രോജക്ടില്‍ അദ്ദേഹം ജോലി ചെയ്ത് തുടങ്ങി. മെയ് മാസം വരെ ലീവെടുക്കാതെയാണ് അബാവോ ജോലി ചെയ്തത്. എന്നാല്‍ മെയ് 25ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അബാവോ അവധിയെടുത്തു.എന്നാല്‍ മൂന്നാം ദിവസം ഇദ്ദേഹം ബോധംകെട്ട് വീഴുകയായിരുന്നു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ അബാവോയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയിലാണ് അബാവോയ്ക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി കണ്ടെത്തിയത്. ചികിത്സയിലായിരുന്ന അബാവോ ജൂണ്‍ 1 ന് മരണത്തിന് കീഴടങ്ങി.കേസ് പരിഗണിച്ച ഷെജിയാങ് പ്രവിശ്യ കോടതി അബാവോയുടെ മരണം അമിത ജോലിഭാരം മൂലമാണെന്ന് കണ്ടെത്തുകയും അദ്ദേഹത്തിന്റെ മരണത്തില്‍ കമ്പനിയ്ക്ക് 20 ശതമാനം ഉത്തരവാദിത്തമുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തു.104 ദിവസം തുടര്‍ച്ചയായി ജോലി ചെയ്യുന്നത് ചൈനീസ് തൊഴില്‍ നിയമത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു. അബാവോയുടെ മരണത്തില്‍ കുടുംബത്തിനുണ്ടായ മാനസിക സംഘര്‍ഷത്തിന് 10000 യുവാന്‍ ഉള്‍പ്പെടെ ആകെ 400,000 യുവാന്‍(48 ലക്ഷം രൂപ) നഷ്ടപരിഹാരമായി കമ്പനി നല്‍കണമെന്നും കോടതി വിധിച്ചു.അബാവോയ്ക്ക് മുമ്പ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കൃത്യസമയത്ത് ചികിത്സിക്കാത്തതാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ കോടതി കമ്പനിയുടെ വാദങ്ങള്‍ തള്ളി.

  • Share This Article
Drisya TV | Malayalam News