Drisya TV | Malayalam News

ജനങ്ങളുടെ വിശപ്പകറ്റുന്നതിനായി വന്യമൃഗങ്ങളെ കൊന്ന് അവയുടെ മാംസം വിതരണം ചെയ്യാനൊരുങ്ങി നമീബിയൻ സർക്കാർ

 Web Desk    12 Sep 2024

വെള്ളവും കൃഷിയും ഭക്ഷണവുമില്ലാതെ നരകിക്കുന്ന ജനങ്ങൾക്ക് വേണ്ട ഭക്ഷ്യസാധനങ്ങൾ നൽകാനാവാതെ വിഷമിക്കുകയാണ് നമീബിയൻ സർക്കാർ.കഴിഞ്ഞ 100 വർഷത്തിനിടെയുണ്ടായിട്ടുള്ള എറ്റവും വലിയ വരൾച്ചയിലൂടെയാണ് നമീബിയ കടന്നുപോകുന്നത്.ഇത് പരിഹരിക്കുന്നതിനായി വന്യമൃഗങ്ങളെ കൊന്ന് അവയുടെ മാംസം വിതരണം ചെയ്യാനൊരുങ്ങുകയാണ് നമീബിയൻ സർക്കാർ. ആന, ഹിപ്പൊപൊട്ടാമസ്, സീബ്ര തുടങ്ങി 700- ഓളം വന്യമൃഗങ്ങളെ കൊല്ലാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 83 ആനകൾ, 30 ഹിപ്പൊപൊട്ടാമസുകൾ, 60 പോത്തുകൾ, 50 ഇംപാല, 100 ബ്ലൂ വൈൽഡ് ബീസ്റ്റ്, 300 സീബ്രകൾ എന്നിവയെയാണ് കശാപ്പുചെയ്യാൻ തീരുമാനിച്ചിരിക്കുന്നത് എന്ന് നമീബിയ വനം-പരിസ്ഥിതി-വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.ദേശീയോദ്യാനങ്ങളിൽ നിന്നും കമ്യൂണൽ ഏരിയകളിൽ നിന്നുമായിരിക്കും ഇതിനായുള്ള മൃഗങ്ങളെ തിരഞ്ഞെടുക്കുന്നത്. പ്രൊഫഷണൽ വേട്ടക്കാരായിരിക്കും മൃഗങ്ങളെ കൊല്ലുക.വരൾച്ച കടുത്തതോടെ നമീബിയൻ സർക്കാർ മെയ് മാസത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.ചെറിയ തോതിലെങ്കിലും ഭക്ഷണവും വെള്ളവും ലഭ്യമാകുന്നയിടങ്ങളിൽ വന്യമൃഗങ്ങളും മനുഷ്യരും തമ്മിൽ ഏറ്റുമുട്ടലിനുള്ള സാധ്യതയുണ്ടാകും. അത് മനുഷ്യജീവന് ആപത്താണ്. മാത്രമല്ല, പ്രകൃതിയിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കൾ നിലനിർത്തുന്നതിനായി മൃഗങ്ങളുടെ എണ്ണത്തിൽ ക്രമം കൊണ്ടുവരേണ്ടതും അത്യാവശ്യമാണെന്ന് സർക്കാർ പറയുന്നു. അല്ലെങ്കിൽ ഭക്ഷണത്തിനായി അവയും തമ്മിൽ തല്ലി ചാകുന്ന സ്ഥിതിയാകും. ഇത്തരത്തിൽ വന്യമൃഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുംകൂടി വേണ്ടിയാണ് അവയെ കശാപ്പുചെയ്യാൻ തീരുമാനിച്ചതെന്നും സർക്കാർ വ്യക്തമാക്കുന്നു.രാജ്യം ഭക്ഷ്യക്ഷാമം കൊണ്ട് കഷ്ട്‌ടപ്പെടുമ്പോൾ ഇങ്ങനെയൊരു ദൗത്യത്തിലൂടെ ചെറിയ തോതിലെങ്കിലും അയവ് വരുത്താൻ സാധിക്കുന്നതിൽ സന്തോഷമുണ്ട് എന്ന് വനം-പരിസ്ഥിതി- വിനോദസഞ്ചാര മന്ത്രാലയം പറയുന്നു.എന്നാൽ വന്യമൃഗങ്ങളെ ഇത്തരത്തിൽ കൂട്ടത്തോടെ കശാപ്പ് ചെയ്യുന്നതിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വലിയ തോതിലുള്ള പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

  • Share This Article
Drisya TV | Malayalam News