Drisya TV | Malayalam News

58-കാരൻ്റെ ശ്വസകോശത്തിൽ നിന്ന് പാറ്റയെ കണ്ടെത്തി

 Web Desk    9 Sep 2024

ചൈനയിലെ ഹൈനാൻ പ്രവിശ്യയിലെ ഹൈകോ നഗരത്തിലാണ് സംഭവം.വായിൽ നിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പാറ്റയെ കണ്ടെത്തിയത്.ഉറക്കത്തിനിടെ തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് തൊണ്ടിയിൽ നിന്ന് ഉള്ളിലേക്ക് എന്തോ ഒന്ന് നീങ്ങുന്നതായും ഇദ്ദേഹത്തിന് തോന്നി. ചുമച്ച് നോക്കിയെങ്കിലും പുറത്തേക്ക് ഒന്നും വരാത്തതിനെ തുടർന്ന് ഉറക്കം തുടർന്നു. എന്നാൽ മൂന്ന് ദിവസത്തിനുശേഷം ശ്വാസത്തിന് ദുർഗന്ധം അനുഭവപ്പെട്ടു.പല്ലു തേക്കുകയും വായ കഴുകുകയും ചെയ്തിട്ടും ദുർഗന്ധത്തിന് മാറ്റമുണ്ടായില്ല. പിന്നീട് ചുമക്കുമ്പോൾ മഞ്ഞ നിറത്തിലുള്ള കഫം വരാൻ തുടങ്ങിയതിനെ തുടർന്ന് ഇയാൾ വൈദ്യസഹായം തേടി. തുടർന്ന് പ്രദേശത്തെ ഇ.എൻ.ടി വിദഗ്ധനെ സന്ദർശിച്ചു.പരിശോധനയിൽ ശ്വാസനാളത്തിന്റെ മുകൾ ഭാഗത്ത് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. എന്നാൽ ശ്വാസകോശ വിദഗ്‌ധൻ നടത്തിയ സി.ടി സ്‌കാനിൽ ശ്വാസകോശത്തിൻ്റെ ഉള്ളിൽ ഒരു വസ്തു കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഇദ്ദേഹത്തെ ബ്രോങ്കോസ്കോപ്പിക്ക് വിധേയനാക്കി.പരിശോധനയിൽ ശ്വാസകോശത്തിനുള്ളിലെ കഫത്തിന്റെയുള്ളിൽ കുടുങ്ങിക്കിടക്കുന്ന വസ്തു പാറ്റയാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.പാറ്റയെ പുറത്തെടുത്ത് ശ്വാസനാളം വൃത്തിയാക്കി. ഉടൻ തന്നെ രോഗിയുടെ ശ്വാസത്തിൽ അനുഭവപ്പെട്ടിരുന്ന ദുർഗന്ധം മാറിയതായും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിന്റെ ഉള്ളിലേക്ക് പുറത്തുനിന്നുള്ള എന്തെങ്കിലും ജീവികൾ കയറിയതായി അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു

  • Share This Article
Drisya TV | Malayalam News