Drisya TV | Malayalam News

ചാറ്റ് ജിപിടി എന്ന ചാറ്റ് ബോട്ടുമായി ഉപഭോക്താക്കള്‍ വൈകാരികമായ അടുപ്പത്തിലാകുമോ എന്ന ആശങ്കയില്‍ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ

 Web Desk    29 Aug 2024

അടുത്തിടെ അവതരിപ്പിച്ച ചാറ്റ് ജിപിടി വോയ്‌സ് മോഡ് ആണ് ഇത്തരം ഒരു ആശങ്കയ്ക്ക് കാരണം.വോയ്സ് മോഡുമായി ബന്ധപ്പെട്ട് നടത്തിയ സുരക്ഷാ പരിശോധനാ റിപ്പോർട്ടിലാണ് ആശങ്ക വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയാണ് ചാറ്റ്ജിപിടിയുടെ പെയ്ഡ് ഉപഭോക്താക്കൾക്ക് വോയ്‌സ് മോഡ് ഫീച്ചർ ലഭ്യമാക്കിത്തുടങ്ങിയത്.2013 ൽ പുറത്തിറങ്ങിയ 'ഹെർ' എന്ന ചലച്ചിത്രത്തിലെ എഐ ഡിജിറ്റൽ അസിസ്റ്റന്റുമായാണ് ചാറ്റ് ജിപിടിയുടെ വോയ്സ് മോഡിനെ താരതമ്യം ചെയ്യുന്നത്. എഐ വോയ്സ് അസിസ്റ്റൻ്റുമായി ഒരാൾ പ്രണയ ബന്ധത്തിലാവുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.ഈ കഥ യാഥാർത്ഥ്യമാവുകയാണോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഓപ്പൺ എഐ.മനുഷ്യന് സമാനമായ രീതിയിൽ സംസാരിക്കാൻ കഴിവുള്ള എഐ വോയ്സ് മോഡ് ആണിത്. തത്സമയം ഉപഭോക്താവിനോട് സംവദിക്കുന്ന ഈ സംവിധാനം ഇതുവരെ പരിചിതമായ മറ്റ് വോയ്സ് അസിസ്റ്റൻ്റുകളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. സംസാരത്തിനിടെ ഉപഭോക്താവിന് ഇടയിൽ കയറി മറ്റു കാര്യങ്ങൾ ചോദിക്കാം. മനുഷ്യരെ പോലെ തന്നെ സംസാരത്തിനിടെ മൂളുന്നത് പോലെയുള്ള ശബ്ദങ്ങളുണ്ടാക്കാനും ഇതിന് കഴിവുണ്ട്. ഉപഭോക്താവിന്റെ ശബ്‌ദം തിരിച്ചറിഞ്ഞ് അയാളുടെ വൈകാരികാവസ്ഥ തിരിച്ചറിയാനും ഈ വോയ്‌സ്മോഡിന് സാധിക്കും.ക്രമേണ ഉപഭോക്താക്കൾ എഐയുമായി സാമൂഹിക ബന്ധങ്ങളുണ്ടാക്കിയേക്കാമെന്നും അത് മനുഷ്യരുമായുള്ള ഇടപഴകൽ കുറച്ചേക്കും. ഒറ്റപ്പെടുന്നവർക്ക് അത് ഉപയോഗപ്പെട്ടേക്കാം എന്നാൽ അത് ആരോഗ്യപരമായ ബന്ധങ്ങളെ ബാധിക്കാനിടയുണ്ടെന്നും ഓപ്പൺ എഐ റിപ്പോർട്ടിൽ പറഞ്ഞു.മനുഷ്യനെ പോലെ സംസാരിക്കുന്ന ഒരു ബോട്ടിൽ നിന്ന് വിവരങ്ങൾ കേൾക്കുമ്പോൾ ആളുകൾ അത് കൂടുതൽ വിശ്വസിക്കാൻ ഇടയുണ്ടെന്നും അതുവഴി ആളുകൾ തെറ്റിദ്ധരിക്കപ്പെടാമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News