Drisya TV | Malayalam News

കൊടൈക്കനാലിലും ഊട്ടിയിലും ഏർപ്പെടുത്തിയ ഇ-പാസ് മൂന്നാറിനു ഗുണകരം

 Web Desk    13 May 2024

ഇ-പാസ് നിര്‍ബന്ധമാക്കിയ മേയ് 7 മുതല്‍ തമിഴ്‌നാട്ടിലെ രണ്ട് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ വരവ് കുറഞ്ഞു.എന്നാല്‍ കോടതി ഉത്തരവ് വന്നതോടെ നിയന്ത്രണം ഉണ്ടാകുമെന്ന ഭയത്താല്‍ പലരും യാത്ര റദ്ദാക്കി. കൊടൈക്കനാലില്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും പകുതിയും കാലിയായ അവസ്ഥയാണ് നിലവില്‍. മേയ് ആറുവരെ രണ്ടും മൂന്നു മണിക്കൂര്‍ റോഡ് ബ്ലോക്കായിരുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, നിയന്ത്രണം വന്നശേഷം സ്ഥിതിയാകെ മാറി.ഊട്ടിയിലും കൊടൈക്കനാലിലും വലിയ തിരക്ക് ഉണ്ടാകേണ്ട സമയമാണിത്.എന്നാൽ ഊട്ടിയും കൊടൈക്കനാലും ഒഴിവാക്കി സഞ്ചാരികള്‍ മൂന്നാറിലേക്ക് ഒഴുകുകയാണ്. മൂന്നാറില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. മാട്ടുപെട്ടിയില്‍ നിന്ന് മൂന്നാര്‍ വരെയുള്ള 12 കിലോമീറ്റര്‍ താണ്ടാന്‍ 5 മണിക്കൂറോളമെടുത്തു.മൂന്നാര്‍ നഗരത്തിലും തൊട്ടടുത്തുള്ള ആനച്ചാലിലുമെല്ലാം ഹോട്ടല്‍ മുറികള്‍ കിട്ടാത്ത അവസ്ഥയാണുള്ളത്. തമിഴ്‌നാട്ടില്‍ നിന്നുള്ള നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.ഇ-പാസും മഴയുടെ വരവും സംസ്ഥാനത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചി, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലെല്ലാം ഇതരസംസ്ഥാനക്കാരായ വിനോദസഞ്ചാരികളുടെ വരവ് കൂടിയിട്ടുണ്ട്.കൊടൈക്കനാലിലും ഊട്ടിയിലും ഇ-പാസ് നിര്‍ബന്ധമാണെങ്കിലും ഇത് യാത്രയെ ബാധിക്കില്ല. ചെക് പോസ്റ്റുകളില്‍ ഇ-പാസ് കാണിച്ച് യാത്ര തുടരാവുന്നതാണ്. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പാസ് ലഭിക്കും. എത്രത്തോളം വാഹനങ്ങളും സഞ്ചാരികളും വന്നുപോകുന്നുണ്ടെന്ന കണക്കെടുക്കാനാണ് പാസ് വച്ചിരിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാരിന്റെ https://epass.tnega.org/ എന്ന വെബ്‌സൈറ്റില്‍ നിന്ന് പാസ് ലഭിക്കും.

  • Share This Article
Drisya TV | Malayalam News