ചെന്നൈ: ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ എം.എസ്.ധോണിയുടെ പടിയിറക്കം, ഋഷഭ് പന്തിന്റെ രണ്ടാം വരവ്, ഹാർദിക് പാണ്ഡ്യയുടെ ‘ഹോം കമിങ്’– ഇങ്ങനെ വാശിയേക്കാളേറെ വൈകാരികമായ ഐപിഎൽ സീസണിനാണ് ഇന്ന് ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയത്തിൽ തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തിനു മണിക്കൂറുകൾ മുൻപാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എം.എസ്.ധോണി ആരാധകരെ ഞെട്ടിച്ചത്. യുവതാരം ഋതുരാജ് ഗെയ്ക്വാദിനു ബാറ്റൺ കൈമാറിയ ധോണി, 16 വർഷം നീണ്ടുനിന്ന ഐപിഎൽ കരിയറിന് ഈ സീസണോടെ ഫുൾ സ്റ്റോപ് ഇടുമെന്നാണ് റിപ്പോർട്ടുകൾ.