Drisya TV | Malayalam News

പ്രണയത്തിന്റെ ദിനം..പ്രണയിക്കുന്നവരുടെയും...

 Web Desk    14 Feb 2024

പ്രണയിക്കുന്നവർക്കും പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്നവർക്കും അവർ ഇഷ്ടപ്പെടുന്നവരുടെ മുന്നിൽ മനസ്സ് തുറക്കാനുള്ള അവസരമാണ് എല്ലാ വർഷവും ഫെബ്രുവരിയിലെത്തുന്ന വാലൻ്റൈൻസ് ഡേ. 

വ്യത്യസ്തമായതും അസാധാരണവുമായ രീതികളിലാണ് പല രാജ്യങ്ങളും പ്രണയദിനം ആഘോഷിക്കുന്നത്. ഈ ദിവസം സമ്മാനങ്ങൾ, ആശംസാ കാർഡുകൾ, ചോക്ലേറ്റുകൾ എന്നിവ കൈമാറുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് പതിവാണ്. 

ഈ ദിവസത്തിനൊരു ചരിത്രമുണ്ട്. ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. 

വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. 

തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയ കുറിപ്പ് വച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.
 

  • Share This Article
Drisya TV | Malayalam News