Drisya TV | Malayalam News

റിപ്പബ്ലിക് ദിനാഘോഷം; പ്രത്യേക ക്ഷണിതാവായി ഡോ. ശ്രീലക്ഷ്മി ഡല്‍ഹിക്ക്

 Web Desk    25 Jan 2024

75ാംമത് റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ക്ഷണിതാവായി ഇടുക്കി ജില്ലയില്‍ നിന്ന് നാഷണല്‍ ആയുഷ് മിഷന്‍ യോഗ പരിശീലക ഡോ. ശ്രീലക്ഷ്മി ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കും. സംസ്ഥാനത്ത് നിന്നും ഓരോ ജില്ലയെയും പ്രതിനിധീകരിച്ച് ഒരാള്‍ വീതം പോകുന്ന സംഘത്തിലാണ് ജില്ലയിലെ ചുരുളി ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലെ യോഗ പരിശീലകയും ചേലച്ചുവട് സ്വദേശിയുമായ കല്ലുറുമ്പില്‍ വീട്ടില്‍ ഡോ. ശ്രീലക്ഷ്മി ഉള്‍പ്പെട്ടത്. ചുരുളി ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍ ഉള്‍പ്പെടെ 11 ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകള്‍ക്ക് ഈയിടെ ദേശീയ അംഗീകാരമായ എന്‍.എ.ബി.എച്ച് ലഭിച്ചിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക ക്ഷണിതാക്കളായി ഇത്തരത്തില്‍ ക്ഷണം ലഭിക്കുന്നത് സംസ്ഥാനത്ത് ഇതാദ്യമായാണ്. കേരളത്തിന്റെ ആയുഷ് മേഖലയ്ക്കുള്ള അംഗീകാരമാണിത്. യോഗ പരിശീലകര്‍ക്കൊപ്പം അവരുടെ പങ്കാളികള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാം. 

ജില്ലയില്‍ ഏറ്റവും മികച്ച സേവനം നല്‍കുന്ന യോഗാ പരിശീലകരെയാണ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുത്തത്. കേരള നാഷണല്‍ ആയുഷ് മിഷനാണ് റിപ്പബ്ലിക് ദിനത്തില്‍ യോഗ പരിശീലകരുടെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. റിപ്പബ്ലിക് ദിനത്തില്‍ ലഭിച്ച ഈ അംഗീകാരത്തോടെ ജില്ലയിലെ യോഗ പ്രവര്‍ത്തനങ്ങള്‍ രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെടും. 

  • Share This Article
Drisya TV | Malayalam News