Drisya TV | Malayalam News

പൗരന്മാർക്ക് നേരിട്ട് ലഭിക്കുന്ന സേവനങ്ങൾക്കും സാമ്പത്തിക സഹായങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ

 Web Desk    10 Oct 2025

പൗരന്മാർക്ക് നേരിട്ട് ലഭിക്കുന്ന സേവനങ്ങൾക്കും സാമ്പത്തിക സഹായങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. പദ്ധതികളിൽ അംഗങ്ങളായവർക്ക് ആധാർ ബന്ധിപ്പിച്ച ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമേ പണം കൈമാറാവൂവെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാറിന്റെ ചെലവുകൾ കൈകാര്യം ചെയ്യുന്ന വകുപ്പാണ് വരാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി ഉത്തരവിറക്കിയത്.

പുതിയ പദ്ധതികളിൽ ഡിജിറ്റൽ, കാശ് ലെസ് സംവിധാനം ഉടൻ നടപ്പാക്കണമെന്നും വിവിധ മന്ത്രാലയങ്ങൾക്കും സംസ്ഥാനങ്ങൾക്കും നൽകിയ നിർദേശത്തിൽ വ്യക്തമാക്കി.അടുത്ത ഏപ്രിലിന് ശേഷം തുടരുന്ന പദ്ധതികളും ഉത്തരവിൽ ഉൾപ്പെടും.പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുകയും സുതാര്യത ഉറപ്പുവരുത്തുകയുമാണ് ആധാർ ബന്ധിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇകണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.

തൊഴിലുറപ്പ്, വീട് നിർമാണം, കൃഷി വികസനം, ഇൻഷൂറൻസ് തുടങ്ങിയ കേന്ദ്ര സർക്കാറിന്റെ വിവിധ പദ്ധതികളിൽ അംഗങ്ങളാവരെ പുതിയ ഉത്തരവ് ബാധിക്കും. നവംബർ 11 മുതൽ പദ്ധതികൾക്ക് ഫണ്ട് ലഭിക്കാൻ എല്ലാ വകുപ്പുകളും സംസ്ഥാന സർക്കാറുകളും 'സ്പ‌ർഷ്' സംവിധാനം നടപ്പാക്കണമെന്ന് വകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു.

പുതിയ പദ്ധതികൾ തുടങ്ങുമ്പോൾ മന്ത്രാലയങ്ങൾ പ്രത്യേക വകുപ്പുകളോ തസ്തികകളോ സൃഷ്ടിക്കരുതെന്നും ഭരണപരമായ ചെലവുകൾ വർധിപ്പിക്കരുതെന്നും വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News