Drisya TV | Malayalam News

പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി 2 പേർക്ക് പരിക്ക്

 Web Desk    16 Aug 2026

വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ വെടിപൊട്ടിയതിനെത്തുടർന്ന് രണ്ടുപേർക്ക് പരിക്കേറ്റു. യാത്രക്കാരന്റെ ലൈസൻസുള്ള പിസ്റ്റളിൽനിന്നാണ് വെടിപൊട്ടിയത്.

ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയായ കമലേഷ് റായ് എന്ന യാത്രക്കാരൻ മുംബൈയിലേക്ക് യാത്ര ചെയ്യാനാണ് ഭാര്യയോടൊപ്പം വാരാണസി ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.സുരക്ഷാ നടപടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ ആയുധവും വെടിയുണ്ടകളും പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ വെടിപൊട്ടിയതെന്ന് പോലീസ് പറഞ്ഞു.

യാത്രക്കാരൻ തന്റെ പക്കൽ ആയുധമുണ്ടെന്ന് അധികൃതരെ അറിയിച്ചിരുന്നു. തോക്ക് പരിശോധിക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. തോക്കിനുള്ളിൽ ഉണ്ടയുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും, അത് അൺലോഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അബദ്ധം സംഭവിച്ചതെന്നുമാണ് യാത്രക്കാരൻ പറയുന്നത്.ഒരു സുരക്ഷാ ജീവനക്കാരിയുടെ കാലിനും സമീപത്തുണ്ടായിരുന്ന മറ്റൊരാളുടെ തള്ളവിരലിനുമാണ് വെടിയേറ്റത്. രണ്ടുപേരെയും ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

'വിവരം ലഭിച്ചതിനെ തുടർന്ന് ഡിസിപിയും എസിപിയും ഉൾപ്പടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സ്ഥലം പരിശോധിച്ചുവരികയാണ്, ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നു. സംഭവത്തിൽ ഉചിതമായ നിയമനടപടി സ്വീകരിച്ചുവരുന്നതായി പോലീസ് കൂട്ടിച്ചേർത്തു.

വിമാനത്തിൽ ലൈസൻസുള്ള തോക്കുകളും വെടിയുണ്ടകളും കൃത്യമായ സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമാണ് കൊണ്ടുപോകാൻ അനുവദിക്കുക. തോക്കിലെ വെിയുണ്ടകൾ പൂർണ്ണമായും മാറ്റിയശേഷം പൂട്ടിയിടാവുന്നതും കട്ടിയുള്ള പുറംചട്ടയുള്ളതുമായ ഒരു പെട്ടിയിൽ അത് സൂക്ഷിക്കേണ്ടമുണ്ട്.

കൂടാതെ ലൈസൻസും വെടിയുണ്ടകൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും സഹിതം എയർലൈൻ ചെക്ക്-ഇൻ കൗണ്ടറിലെത്തി തോക്ക് കൊണ്ടുപോകുന്ന കാര്യങ്ങളും മറ്റും വെളിപ്പെടുത്തുകയും വേണം.ആഭ്യന്തര വിമാനങ്ങളിൽ, ഒരു തോക്കും 50 വരെ വെടിയുണ്ടകളും കൊണ്ടുപോകുന്നതിന് ഏകദേശം 5,000 രൂപ ഹാൻഡ്ലിംഗ് ചാർജ് നൽകേണ്ടതുണ്ട്. കൂടാതെ നികുതിയും. അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഇത് ഏകദേശം 100 ഡോളറാണ്.

  • Share This Article
Drisya TV | Malayalam News