Drisya TV | Malayalam News

ടെർമിനൽ അറിയിക്കുന്നതിലെ അപാകത,യാത്രക്കാരന് യാത്ര മുടങ്ങിയ സംഭവത്തിൽ വിമാനക്കമ്പനി 60,000 രൂപ നഷ്ടപരിഹാരം നൽകണം

 Web Desk    5 Aug 2026

ടെർമിനൽ അറിയിക്കുന്നതിലെ അപാകത കാരണം യാത്രക്കാരന് യാത്ര മുടങ്ങിയ സംഭവത്തിൽ വിമാനക്കമ്പനി 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് റായ്പൂർ ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. വിമാന ടിക്കറ്റിലും ഫ്ലൈറ്റ് അപ്‌ഡേറ്റിലും പുറപ്പെടുന്ന ടെർമിനൽ വ്യക്തമാക്കുന്നതിൽ സ്വകാര്യ എയർലൈൻ കമ്പനിക്ക് വീഴ്ച പറ്റിയതായി കമ്മീഷൻ കണ്ടെത്തി. ഇതുമൂലം ഒരു യാത്രക്കാരന് വിമാനം നഷ്ടപ്പെടുകയും കുടുംബത്തോടൊപ്പം വിമാനത്താവളത്തിൽ രാത്രി ചെലവഴിക്കേണ്ടി വരികയും ചെയ്തെന്നും കമ്മീഷൻ നിരീക്ഷിച്ചു.

50,000 രൂപ നഷ്ടപരിഹാരമായും മാനസിക ബുദ്ധിമുട്ടിനും കേസ് ചെലവുകൾക്കുമായി 5,000 രൂപ വീതവും നൽകാനാണ് കമ്മീഷൻ പ്രസിഡന്റ് ധകേശ്വർ പ്രസാദ് ശർമ്മ, അംഗങ്ങളായ നിരൂപമ പ്രധാൻ, അനിൽ കുമാർ അഗ്നിഹോത്രി എന്നിവരടങ്ങുന്ന ബെഞ്ച് എയർലൈൻസിന് നിർദ്ദേശം നൽകിയത്.

എയർലൈൻ ഫ്ലൈറ്റ് സമയം 15 മിനിറ്റ് മുമ്പിലേക്ക് പുനഃക്രമീകരിച്ചിരുന്നതായി എയർ ലൈൻ അറിയിച്ചിരുന്നു. എന്നാൽ പുറപ്പെടുന്ന ടെർമിനൽ ഏതാണെന്ന് വ്യക്തമാക്കുന്നതിൽ അവർ പരാജയപ്പെട്ടു. ഫലത്തിൽ, പരാതിക്കാരൻ തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ടെർമിനൽ 3ൽ എത്തിച്ചേർന്നു. എന്നാൽ ടെർമിനൽ 1D-യിൽ നിന്നായിരുന്നു വിമാനം പുറപ്പെട്ടത്. ഇത് ടെർമിനൽ 3-ൽ നിന്ന് ഏകദേശം 7.5 കിലോമീറ്റർ അകലെയാണ്. അതിനാൽ, ചെക്ക്-ഇൻ ചെയ്യുന്നതിന്, ഷെഡ്യൂൾ ചെയ്ത യാത്രക്ക് 45 മിനിറ്റ് മുമ്പ് അദ്ദേഹത്തിന് ടെർമിനൽ 1D-യിൽഎത്തിച്ചേരാൻ കഴിഞ്ഞില്ല. ഇതോടെ യുവാവിന് യാത്രമുടങ്ങിയെന്നും കമ്മീഷൻ കണ്ടെത്തി. തുടർന്നാണ് നഷ്ട പരിഹാരത്തിന് ഉത്തരവിട്ടത്.

  • Share This Article
Drisya TV | Malayalam News