പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു. രാജകുമാരിക്ക് സമീപമുള്ള ചൊക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞികൾ പൂത്തുതുടങ്ങിയതോടെ, സഞ്ചാരികൾക്കായി ഔദ്യോഗിക പ്രവേശനം ആഗസ്റ്റ് 24 മുതൽ ആരംഭിക്കുകയാണ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ–ബോഡിമെട്ട് റോഡിൽ ദേവികുളത്തെ വനം വകുപ്പ് റേഞ്ച് ഓഫിസിന് സമീപമാണ് പ്രധാന പ്രവേശന കവാടം.
വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ് സേവനം ഉടൻ ആരംഭിക്കും. മുതിർന്നവർക്ക് 200 രൂപയും 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ 7 മുതൽ വൈകിട്ട് 4 വരെയാണ് സന്ദർശന സമയം. സഞ്ചാരികളുടെ തിരക്ക് ഒഴിവാക്കാൻ മൂന്നാറിൽ നിന്ന് ദേവികുളത്തേക്ക് പ്രത്യേക കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും. സ്വകാര്യ, ടാക്സി വാഹനങ്ങൾ മൂന്നാറിൽ പാർക്ക് ചെയ്ത് ബസിൽ സഞ്ചാരികൾക്ക് ദേവികുളത്തേക്ക് എത്താം.
സെപ്റ്റംബർ ആദ്യവാരത്തോടെ ചൊക്രമുടി മലനിരകൾ പൂർണമായും വയലറ്റ് പട്ട് വിരിക്കും. ഓണാവധിയായിരിക്കും കുറിഞ്ഞി കാണാൻ ഏറ്റവും മികച്ച സമയം. എന്നാൽ പശ്ചിമഘട്ടത്തിലെ മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി കാണാൻ കുറച്ചുകൂടി കാത്തിരിക്കണം. ഇവിടെ ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോൾ പൂവിട്ടിട്ടുള്ളത്. വ്യാപകമായി പൂത്തതിനു ശേഷമേ സഞ്ചാരികൾക്ക് അനുമതി നൽകൂ. പ്രതിദിനം 750 പേരെ മാത്രം അനുവദിക്കുന്ന മീശപ്പുലിമലയിൽ യാത്രയും ഭക്ഷണവും ഉൾപ്പെടെ 1200 രൂപയാണ് ടിക്കറ്റ് നിരക്ക്. ചൊക്രമുടി, മീശപ്പുലിമല എന്നിവയ്ക്ക് പുറമെ ഇടലിമേടും ഈ വർഷം നീലക്കുറിഞ്ഞി പൂക്കും.
ഇക്കാ നഗറിൽ ഇനി ഏതാനും പ്രദേശത്ത് മാത്രമാണ് പൂക്കൾ അവശേഷിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ വണ്ണിൽ പെട്ട സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കളും ചെടികളും പറിക്കുന്നതും നശിപ്പിക്കുന്നതും 25,000 രൂപ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ചെടികൾ നശിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ദേവികുളം റേഞ്ചർ ഇ.ഡി.അരുൺകുമാർ മുന്നറിയിപ്പ് നൽകി.