ഓണവരവറിയിച്ച് അത്തച്ചമയ ഘോഷയാത്രയ്ക്ക് തൃപ്പുണിത്തുറയിൽ തുടക്കം. അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്‌കൂൾ മൈതാനിയിൽ രാവിലെ 9-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അത്താഘോഷം ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയ്ക്ക് നടൻ ജഗദീഷും മന്ത്രി അനൂപ് ജേക്കബും ചേർന്ന് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.
മേളവും താളവും ആയി കേരളത്തിന്റെ തനത് കലാരൂപങ്ങൾ പലയിടങ്ങളിൽ നിന്നെത്തിയ കലാകാരന്മാർ അത്തച്ചമയയാത്രയിൽ പ്രദർശിപ്പിക്കുന്നു.കൊച്ചി രാജഭരണകാലത്തെ അത്തച്ചമയത്തിന്റെ സ്മരണകളുണർത്തുന്ന അത്തം ഘോഷയാത്രയെ ആവേശത്തോടെ ജനം വരവേൽക്കുകയാണ്.
അത്തംനഗറിൽ നിന്നും തുടങ്ങിയ ഘോഷയാത്ര ബസ് സ്റ്റാൻഡ് റോഡിലൂടെ സ്റ്റാച്യു - കിഴക്കേക്കോട്ട - എസ്.എൻ. ജങ്ഷൻ - വടക്കേക്കോട്ട - പൂർണത്രയീശ ക്ഷേത്രം റോഡ് വഴി നഗരം ചുറ്റി അത്തം നഗറിൽ തന്നെ സമാപിക്കും. സിയോൺ ഓഡിറ്റോറിയത്തിൽ രാവിലെ അത്തപ്പൂക്കള മത്സരം നടക്കും. വൈകീട്ട് മൂന്നു മുതൽ പൂക്കളങ്ങളുടെ പ്രദർശനവും ഉണ്ട്. വൈകീട്ട് ലായം കൂത്തമ്പലത്തിൽ കലാസന്ധ്യയ്ക്ക് തിരശ്ശീല ഉയരും.വിവിധ ദിവസങ്ങളിലായി പ്രശസ്തരുടെ ഉൾപ്പെടെ കലാപരിപാടികൾ ഉണ്ടാകും. 25-ന് ആഘോഷ പരിപാടികൾ സമാപിക്കും.