പ്രശസ്ത ട്രാവൽ ഗൈഡായ 'ടേസ്റ്റ് അറ്റ്ലസ്' 2026 ൽ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും നാറ്റമുള്ള ഭക്ഷണങ്ങളുടെ പട്ടികയില്‍ നമ്മുടെ സ്വന്തം കായവും ഇടം പിടിച്ചിട്ടുണ്ട്! കായം മാത്രമല്ല വേറെയും ചില കിടിലൻ ഐറ്റങ്ങൾ ഈ പട്ടികയിലുണ്ട്.ടേസ്റ്റ് അറ്റ്ലസ് അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ പട്ടിക പുറത്തുവിട്ടത്. ഇതിൽ കായത്തിന് പ്രത്യേകിച്ച് റേറ്റിംഗ് ഒന്നും നൽകിയിട്ടില്ലെങ്കിലും, വളരെ 'രൂക്ഷഗന്ധമുള്ള ഒരു സ്പൈസ്' എന്നാണ് കായത്തെ അവർ വിശേഷിപ്പിച്ചിരിക്കുന്നത്.
പച്ചക്കായത്തിന് ഭയങ്കര രൂക്ഷഗന്ധമാണെങ്കിലും, ചൂടുള്ള എണ്ണയിലോ നെയ്യിലോ ഇട്ട് മൂപ്പിക്കുമ്പോൾ അത് ഭക്ഷണത്തിന് വല്ലാത്തൊരു സ്വാദും ഉമാമി രുചിയുമാണ് നൽകുന്നത്.'ഫെറുല' എന്ന ചെടിയുടെ വേരുകളിൽ നിന്നെടുക്കുന്ന ഉണങ്ങിയ പശയാണ് യഥാർത്ഥത്തിൽ കായം. ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കാത്ത പരമ്പരാഗത വെജിറ്റേറിയൻ, ജൈന ഭക്ഷണരീതികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണിത്.
ഭക്ഷണങ്ങളുടെ ഗന്ധത്തിന്റെ തീവ്രത അനുസരിച്ച് നാല് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഈ പട്ടിക തയാറാക്കിയിരിക്കുന്നത്. കായവും ദൂരിയൻ പഴവുമൊക്കെ ഏറ്റവും തീവ്രത കുറഞ്ഞ വിഭാഗത്തിലാണ് വരുന്നത്. ഇതിനൊപ്പം ചൈനയുടെ സെഞ്ച്വറി എഗ്ഗ്, ജപ്പാന്റെ നാറ്റോ, പിന്നെ രൂക്ഷഗന്ധമുള്ള ചില പ്രത്യേകതരം ചീസുകളും ഈ താഴെയുള്ള ലിസ്റ്റിൽ ഉൾപ്പെടുന്നു.
എന്നാൽ പട്ടികയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന ഭീകരന്മാരെ കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടും. സ്വീഡന്റെ സർസ്ട്രോമിംഗ്, ഐസ്‌ലൻഡിന്റെ ഹാകാർൾ എന്നിവയാണ് ഇതിലെ പ്രധാനികൾ. ഇതുകൂടാതെ ഗ്രീൻലാൻഡിലെ കിവിയാക് എന്നൊരു വിഭവമുണ്ട്, സീൽ മൃഗത്തിന്റെ തോലിനുള്ളിൽ പക്ഷികളെ വെച്ച് പുളിപ്പിച്ചെടുക്കുന്ന ഒരു വിചിത്രമായ ഭക്ഷണമാണിത്.