Drisya TV | Malayalam News

70,000 കോടി രൂപയുടെ വൻകിട അന്തർവാഹിനി കരാറിൽ ഇന്ത്യ ഒപ്പിടാനൊരുങ്ങുന്നു

 Web Desk    16 Aug 2026

നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ജർമനിയുമായി 70,000 കോടി രൂപയുടെ വൻകിട അന്തർവാഹിനി കരാറിൽ ഇന്ത്യ ഒപ്പിടാനൊരുങ്ങുന്നു.ദീർഘകാലമായി ചർച്ചയിലായിരുന്ന പ്രോജക്റ്റ് 75(ഐ) പദ്ധതിയുടെ ഭാഗമായി ആറ് അത്യാധുനിക അന്തർവാഹിനികളാണ് നിർമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം ഉടൻ തന്നെ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടെ (CCS) മുൻപിലെത്തുമെന്ന് സൂചനയുണ്ട്. 

മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സും ജർമനിയുടെ തൈസൻക്രുപ്പ് മറൈൻ സിസ്റ്റംസും സംയുക്തമായാണ് ഈ അന്തർവാഹിനികൾ ഇന്ത്യയിൽ നിർമിക്കുന്നത്. എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (AIP) സാങ്കേതികവിദ്യയുള്ള ഈ മുങ്ങിക്കപ്പലുകൾക്ക് സാധാരണ കപ്പലുകളെ അപേക്ഷിച്ച് കൂടുതൽ കാലം വെള്ളത്തിനടിയിൽ തുടരാൻ സാധിക്കും.

ഇന്ത്യൻ സമുദ്രമേഖലയിൽ ചൈനീസ് അന്തർവാഹിനികളുടെ സാന്നിധ്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, നാവികസേനയുടെ നിരീക്ഷണ-പ്രത്യാക്രമണ ശേഷി വർദ്ധിപ്പിക്കാൻ ഈ പദ്ധതി അത്യന്താപേക്ഷിതമാണ്. വെറും നിർമാണം മാത്രമല്ല, ഭാവിയിൽ ഇത്തരം അന്തർവാഹിനികൾ സ്വന്തമായി രൂപകൽപ്പന ചെയ്യാനും പരിപാലിക്കാനുമുള്ള ശേഷി കൈവരിക്കുക എന്നതാണ് ഈ കരാറിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

  • Share This Article
Drisya TV | Malayalam News