ഹോട്ടലിൽനിന്നു വാങ്ങിയ മുട്ടക്കറിയിൽനിന്ന് ഒച്ചിനെ കിട്ടി. ഹോട്ടൽ അടച്ചുപൂട്ടാൻ നോട്ടിസ് നൽകിയെന്നു നഗരസഭ ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷൻ ജോബി പഞ്ഞിക്കാരൻ പറഞ്ഞു. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ‘ചായ് പീടിയ’ എന്ന ഹോട്ടലിൽ നിന്നു കഴിഞ്ഞ ദിവസം പറയകാട് സ്വദേശി ഓൺലൈനായി വാങ്ങിയ മുട്ടക്കറിയിലാണ് ഒച്ചിനെ കണ്ടത്. ഒച്ച് വെന്ത നിലയിലായിരുന്നു. വീട്ടിലെ കുട്ടികൾ ഉൾപ്പെടെ കറി കഴിച്ചുതുടങ്ങിയ ശേഷമാണ് ഒച്ചിനെ കിട്ടിയത്.
തുടർന്ന് ഇതു വാങ്ങിയ വ്യക്തി ബില്ലും കറിയുടെ ഫോട്ടോയും സഹിതം ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു പരാതി നൽകി. ഭക്ഷണം കഴിച്ചതിനാൽ വീട്ടുകാർ ആവശ്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു. ഇതുസംബന്ധിച്ചു നഗരസഭയിൽ ഔദ്യോഗിക പരാതി ലഭിച്ചില്ലെങ്കിലും സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതു ശ്രദ്ധയിൽപെട്ടതോടെ നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരമറിയിച്ചു.
നഗരസഭയിലെ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും ചേർന്നു പരിശോധന നടത്തിയ ശേഷമാണു ഹോട്ടൽ പൂട്ടാൻ നിർദേശം നൽകിയതെന്നും ശുചിത്വമില്ലാത്ത സാഹചര്യം ഇവിടെ ഉണ്ടായിരുന്നെന്നും ജോബി പഞ്ഞിക്കാരൻ പറഞ്ഞു. എന്നാൽ, ഹോട്ടലിൽ നിന്ന് ഒരു ജീവനക്കാരനെ പിരിച്ചുവിട്ടതിന്റെ പേരിലാണ് ഇത്തരമൊരു ആരോപണം ഉയർന്നതെന്നാണു ഹോട്ടൽ ഉടമകളുടെ വാദം.