Drisya TV | Malayalam News

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സോളാർ നിലയം സ്ഥാപിച്ച് ചൈന

 Web Desk    15 Aug 2026

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സോളാർ തെർമൽ പവർ പ്ലാന്റിൽ 15,927 ഭീമൻ കണ്ണാടികൾ സ്ഥാപിക്കാൻ ചൈന. സമുദ്രനിരപ്പിൽ നിന്ന് 15,258 അടി ഉയരത്തിൽ ചിങ്ഹായ്-തിബറ്റ് പീഠഭൂമിയിലെ ആംദോ കൗണ്ടിയിലാണ് 100 മെഗാവാട്ട് ശേഷിയുള്ള ഈ കൂറ്റൻ സൗരോർജ്ജ നിലയം ഒരുങ്ങുന്നത്. പദ്ധതി പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ വർഷം തോറും 50,000 വീടുകൾക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഏകദേശം എട്ട് ലക്ഷം ചതുരശ്ര മീറ്ററിലായി വിന്യസിച്ചിരിക്കുന്ന ഈ പ്രത്യേക കണ്ണാടികൾ സൂര്യപ്രകാശത്തെ 210 മീറ്റർ ഉയരമുള്ള കേന്ദ്ര ടവറിലെ റിസീവറിലേക്ക് കേന്ദ്രീകരിക്കുന്നു. ഇതുവഴി ഉത്പാദിപ്പിക്കപ്പെടുന്ന 1,040 ഡിഗ്രി ഫാരൻഹീറ്റ് (560°C) ചൂട് ഉപയോഗിച്ച് ഉരുകിയ ലവണങ്ങൾ ചൂടാക്കുകയും, അതുവഴി ഉത്പാദിപ്പിക്കുന്ന നീരാവി ഉപയോഗിച്ച് ടർബൈനുകൾ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി നിർമ്മിക്കുന്നത്. സാധാരണ സോളാർ പാനലുകളിൽ നിന്ന് വ്യത്യസ്തമായി, സംഭരിച്ച താപം ഉപയോഗിച്ച് രാത്രിയിലും തുടർച്ചയായി എട്ട് മണിക്കൂർ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും.

പ്രതിവർഷം 255 ദശലക്ഷം കിലോവാട്ട്-അവർ വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ പ്ലാന്റ് വഴി പ്രതിവർഷം 60,000 ടൺ കൽക്കരി ഉപയോഗം ലാഭിക്കാനാകും. ഇതിലൂടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവിൽ 1.65 ലക്ഷം ടണ്ണിന്റെ കുറവുണ്ടാകും. അതിശൈത്യവും ശക്തമായ കാറ്റും അൾട്രാവയലറ്റ് രശ്മികളും നിറഞ്ഞ ദുർഘടമായ കാലാവസ്ഥയെ അതിജീവിക്കാൻ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ പ്ലാന്റ് ഒക്ടോബറോടെ പൂർണമായും പവർ ഗ്രിഡുമായി ബന്ധിപ്പിക്കും.

പുനരുപയോഗ ഊർജ്ജ മേഖലയിൽ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുന്നതിനൊപ്പം 2030-ഓടെ കാർബൺ പുറന്തള്ളൽ ഏറ്റവും കുറഞ്ഞ നിലയിലെത്തിക്കുക, 2060-ഓടെ കാർബൺ ന്യൂട്രൽ രാജ്യമായി മാറുക എന്ന ചൈനയുടെ ദീർഘകാല ലക്ഷ്യങ്ങളിലേക്കുള്ള നിർണായക ചുവടുവെപ്പുകൂടിയാണിത്.

  • Share This Article
Drisya TV | Malayalam News