Drisya TV | Malayalam News

വന്ദേഭാരത് തീവണ്ടിയിൽ അണലിയെ ചത്ത നിലയിൽ കണ്ടെത്തി

 Web Desk    15 Aug 2026

എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് തീവണ്ടിയിൽ അണലിയെ ചത്ത നിലയിൽ കണ്ടെത്തി. എറണാകുളത്ത് നിന്ന് തീവണ്ടി പുറപ്പെടും മുൻപ് സി-6 കോച്ചിലാണ് സീറ്റിൽ ചത്ത പാമ്പിനെ കണ്ടത്. റെയിൽവേയുടെ ശുചീകരണത്തൊഴിലാളികൾ എത്തി പാമ്പിനെ എടുത്തു മാറ്റിയ ശേഷമാണ് തീവണ്ടി പുറപ്പെട്ടത്. ഇതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. എറണാകുളത്ത് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന വിനു വർഗീസ് ഭാര്യയും രണ്ടുവയസ്സുള്ള കുഞ്ഞുമായി കോയമ്പത്തൂർക്ക് പോകാനായി തീവണ്ടിയിൽ കയറിയപ്പോഴാണ് പാമ്പിനെ കണ്ടത്. “സീറ്റിൽ ഇരുന്നപ്പോഴാണ് തൊട്ടടുത്ത സീറ്റിൽ പാമ്പ് കിടക്കുന്നതു കണ്ടത്. പേടിച്ചു പോയി. പിന്നീടാണ് ചത്തതാണെന്ന് മനസ്സിലായത്. പാമ്പിന് മുകളിൽ ഭാരമുള്ള എന്തോ വെച്ചതു കൊണ്ടാണ് ചത്തതെന്ന് തോന്നുന്നു. എനിക്ക് മുന്നേ മറ്റൊരു സീറ്റിലിരുന്നയാൾ കണ്ടെങ്കിലും അയാളത് കളിപ്പാട്ടമാണെന്നാണ് കരുതിയത്.” വിനു വർഗീസ് പറഞ്ഞു. യാത്രക്കാർക്ക് പരാതി ഉന്നയിക്കാനുള്ള 'റെയിൽമദദ്' പോർട്ടലിൽ പരാതിപ്പെട്ടതിനെ തുടർന്ന് റെയിൽവേ ജീവനക്കാർ എത്തി പാമ്പിനെ മാറ്റി. “നമ്മൾ എന്ത് വിശ്വസിച്ച് സീറ്റിലിരിക്കും. ഇത്രയും പണം മുടക്കിയല്ലേ യാത്രചെയ്യുന്നത്. പുറമേ നിന്ന് ഒരാൾ കൊണ്ടുവന്നിടുന്നതല്ലെന്ന് വ്യക്തം.പരാതിപ്പെട്ടപ്പോൾ റെയിൽവേ ജീവനക്കാർ വന്ന് മാപ്പെല്ലാം പറഞ്ഞു”- വിനു പറഞ്ഞു.

ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന തീവണ്ടിയായിരുന്നു ഇതെന്നും വൃത്തിയാക്കലെല്ലാം പൂർത്തിയായിരുന്നതാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു. വന്ദേഭാരതിൽ തന്നെയുള്ള ശുചീകരണത്തൊഴിലാളികളാണ് സീറ്റുകളെല്ലാം വൃത്തിയാക്കുന്നത്. ആ സമയത്തൊന്നും പാമ്പിനെ കണ്ടിട്ടില്ല. ശുചീകരണ സമയത്ത് പാമ്പിനെ കണ്ടിട്ടില്ലെന്ന് തൊഴിലാളികൾ ഉറപ്പിച്ച് പറയുന്നതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News