നവി മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദർ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികൾ. അർധരാത്രി 12.40ഓടെയാണ് തീപിടിത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ട് മൂലം എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഷിയിലെ എംജി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. ഫ്ലാറ്റിലെ പത്താം നില മുതൽ പന്ത്രണ്ടാം നിലവരെ തീപടർന്നു. നവി മുബൈയിൽ ടയർ വ്യാപാര സ്ഥാപനം നടത്തുന്ന രാജന്റെ മകൾ പൂജയും മരുമകനും കുഞ്ഞുമാണ് മരിച്ചത്. മൃതദേഹങ്ങൾ വാഷിയിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ 15പേരെ രക്ഷപ്പെടുത്തി.