ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും നറുക്കെടുപ്പ് ഇന്നു പൂർത്തിയാകുന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പ്രതീക്ഷിച്ച് കേരളം. കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളുടെ നറുക്കെടുപ്പാണു നടക്കുക. 25ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകും.
അടുത്ത മാസം ആദ്യവാരം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണു സൂചന. നവംബർ, ഡിസംബർ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നു നേരത്തേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സൂചിപ്പിച്ചിരുന്നു. ഡിസംബർ 20നു മുൻപാണു പുതിയ ഭരണസമിതി തദ്ദേശ സ്ഥാപനങ്ങളിൽ ചുമതലയേൽക്കേണ്ടത്.