Drisya TV | Malayalam News

സർക്കാർ നയത്തിനെതിരെയുള്ള പ്രസംഗത്തിന് കയ്യടിച്ചതിന് മലപ്പുറം ഹോമിയോ ഡിഎംഒയ്ക്ക് താക്കീത്

 Web Desk    20 Oct 2025

സർക്കാർ നയത്തിനെതിരെയുള്ള പ്രസംഗത്തിന് കയ്യടിച്ചതിന് മലപ്പുറം ഹോമിയോ ഡിഎംഒയ്ക്ക് താക്കീത്. രണ്ട് വർഷം മുമ്പ് നടന്ന സംഭവത്തിൽ മലപ്പുറം ഹോമിയോ ഡിഎംഒ(DMO) ആയ ഡോക്‌ർ ഹന്ന യാസ്മിനെതിരെയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിലാണ് താക്കീത് നൽകിയിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ ഇനി ആവർത്തിക്കരുത് എന്ന് പറഞ്ഞുകൊണ്ടുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.സർക്കാരിനെ വിമർശിക്കുന്ന ഒരു പ്രസംഗത്തിന് അവർ കയ്യടിച്ചു എന്നുള്ളതാണ് ഇവർക്കെതിരെ കണ്ടെത്തിയ കുറ്റം. 2023 ജൂണിൽ മലപ്പുറം കളക്ടറേറ്റിൽ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ സംഭവം നടന്നത്.

ഈ യോഗത്തിനിടയിൽ പലർക്കും സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. ആ അവസരത്തിൽ അവിടെ ഉണ്ടായിരുന്ന പ്രതിനിധികളിൽ ഒരാൾ എഴുന്നേറ്റു നിന്നുകൊണ്ട് സർക്കാർ നയങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചു. ഈ വിമർശനം ഉന്നയിച്ചപ്പോൾ കൂട്ടത്തിൽ കുറെ ആളുകൾ കൈയടിച്ചു. ആ കൈയ്യടിച്ചവരുടെ കൂട്ടത്തിൽ ഡിഎംഒ ആയ ഡോക്ടർ ഹന്ന യാസ്മിനും ഉൾപ്പെട്ടിരുന്നു. സംഭവം നടന്നതിനെ തുടർന്ന് പിന്നീട് തെളിവെടുപ്പടക്കം നടത്തിയിരുന്നു.

യാത്രാക്ഷീണം ഉണ്ടായിരുന്നതിനാൽ യോഗനടപടികൾ കഴിഞ്ഞു എന്ന ധാരണയിൽ അറിയാതെ കയ്യടിച്ചു പോയതാണെന്നാണ് ഹന്ന യാസ്മിൻ മൊഴി നൽകിയിരുന്നത്. എന്നാൽ ജില്ലാകളക്ടറും എംഎൽഎ ഉൾപ്പടെയുള്ള ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ സർക്കാർ ഉദ്യോഗസ്ഥ എന്ന നിലയിലും അതിലുപരി ജില്ലാ മെഡിക്കൽ ഓഫീസർ എന്ന നിലയിലും ഇത്തരത്തിൽ പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് താക്കീത് ചെയ്തിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News